കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കീഴിലെ പച്ചാളം ലൂർദ് ആശുപത്രിയുടെ അറുപതാം വാർഷികം 20ന് ആഘോഷിക്കും. ' ലെഗാമെ 24 ' എന്ന ആഘോഷത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്ക്വീര, അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1965ലാണ് ആശുപത്രി ആരംഭിച്ചത്. 20ന് വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ ലൂർദ് സ്ഥാപനങ്ങളിലെ രണ്ടായിരത്തിൽപ്പരം ജീവനക്കാർ ക്രിസ്‌മസ് കേക്ക് മുറിച്ച് പങ്കിടും. ഏറ്റവും കൂടുതൽ കാലം സേവനംചെയ്ത 60 ജീവനക്കാരെ ആദരിക്കും. ജീവനക്കാർക്കായി സൗജന്യ രക്തപരിശോധനാ ക്യാമ്പ്, ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതി എന്നിവയും നടപ്പാക്കും. 60 മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. 60 ഡോക്ടർമാർ എഴുതിയ ആരോഗ്യസംബന്ധമായ ലേഖനങ്ങളടുടെ സമാഹാരവും പ്രസിദ്ധീകരിക്കും.