കാക്കനാട്: വാഴക്കാലാ സൈറ മൻസിലിൽ സലിം (68) മരിച്ച കേസിൽ റിമാൻഡിലായ ബീഹാർ സ്വദേശി കൗശൽ കുമാർ (24), ഭാര്യ അസ്മിതകുമാരി (23) എന്നിവരെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ തെളിവെടുപ്പിനായി ഇവരെ ബീഹാറിലേക്ക് കൊണ്ടുപോകും.

നവംബർ 28 രാത്രിയിലാണ് പ്രതികളുമായുള്ള വാക്കുതർക്കത്തിനിടെ സലിം മരിച്ചത്. പ്രതികൾക്കെതിരെ നരഹത്യയ്‌ക്കും മോഷണത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

പ്രതികൾ വാടകയ്‌ക്ക് താമസിച്ച പടമുകൾ ഇന്ദിര നഗറിലെ വീട്ടിൽ നിന്ന് സലിമിന്റെ പേഴ്സ് കണ്ടെടുത്തിരുന്നു. സലിമിന്റെ മൊബൈൽ ഫോൺ, സ്വർണ മോതിരങ്ങൾ, കുടങ്ങളിൽ സൂക്ഷിച്ചിരുന്ന നാണയങ്ങൾ ഉൾപ്പെടെയുള്ള വസ്തുകൾ എന്നിവ കണ്ടെടുക്കാനുണ്ട്. ഇതിനായാണ് പ്രതികളെ ബീഹാറിലേക്ക് കൊണ്ടുപോകുന്നത്.

തൃക്കാക്കര ഇൻസ്പെക്ടർ എ.കെ. സുധീർ, എസ്.ഐമാരായ വി.ബി. അനസ്, വി.ജി. ബൈജു, വി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.