കൊച്ചി: വസ്ത്രം മാറാനോ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനോ മാർഗമില്ലാതെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ വലയുന്നു. 38 ജീവനക്കാരാണുള്ളത്. ഇവർക്ക് വിശ്രമമുറികൾ പോലുമില്ല. സ്ത്രീകളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. സ്ത്രീകൾക്ക് മാത്രമായി ടോയ്ലെറ്റ് സൗകര്യമോ വിശ്രമ മുറിയോ ഇല്ല. പുരുഷന്മാർക്ക് മാത്രമാണ് ഒരു വിശ്രമമുറി. ഇതുമൂലം വനിതാജീവനക്കാർ വിഷമിക്കുകയാണ്.
ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ മൂന്ന് പബ്ലിക് ടോയ്ലെറ്റും രണ്ട് പെയ്ഡ് ടോയ്ലെറ്റുമുണ്ട്. യാത്രക്കാരുടെ നീണ്ടനിരയുള്ളതിനാൽ ഡ്യൂട്ടിക്കിടയിൽ അവ ഉപയോഗിക്കാനും കഴിയുന്നില്ല. പ്രശ്നം ഉന്നയിച്ച് ഏരിയ മാനേജർ, കോച്ചിംഗ് ഡിപ്പോ ഓഫീസർ, സംസ്ഥാന, ദേശീയ വനിതാ കമ്മിഷനുകൾ എന്നിവർക്ക് ജീവനക്കാർ പരാതി നൽകി.
മൂന്ന് ഷിഫ്റ്റുകളിലാണ് ഇവർ ജോലിചെയ്യുന്നത്. രാത്രിയിൽ ക്വാട്ടേഴ്സിലെത്തി ടോയ്ലെറ്റ് ഉപയോഗിക്കാനുള്ള മാർഗങ്ങളും വനിതാ ജീവനക്കാർക്കില്ല. ജീവനക്കാരുടെ ബാഗുകളോ മറ്റ് സാധനങ്ങളോ സൂക്ഷിക്കാൻ ഷെൽഫുമില്ല.
ആശ്രയം ട്രെയിൻ തന്നെ
ഏറെനേരം സ്റ്റേഷനിൽ നിറുത്തിയിടുന്നതോ രാത്രിയിൽ ഓടാത്തതുമായ ട്രെയിനുകളാണ് ഇവർ പ്രാഥമിക കൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത്. 19 വനിത ജീവനക്കാരാണ് ജോലി ചെയ്യുന്നത്. രാത്രികാലങ്ങളിൽ സ്റ്റേഷനിൽ നിറുത്തിയിടുന്ന ട്രെയിനുകളുടെ വാതിലുകൾ പൂട്ടണമെന്ന് ആർ.പി.എഫിന്റെ നിർദ്ദേശമുള്ളതിനാൽ ഇവയും പലപ്പോഴും ഉപയോഗിക്കാൻ സാധിക്കുന്നില്ല. ഭക്ഷണം കഴിക്കാനോ കൈകഴുകാൻ വാഷ് ബേയ്സണോ ഇല്ലാത്ത സാഹചര്യമാണ്. മൂന്ന്, നാല് പ്ലാറ്റ്ഫോമുകളിൽ ടോയ്ലെറ്റ് ഉണ്ടെങ്കിലും ഉപയോഗിക്കാൻ സാധിക്കില്ല. അവ നവീകരിച്ചെങ്കിലും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്ന് ജീവനക്കാർ പറയുന്നു.
അയ്യപ്പന്മാരും പ്രതിസന്ധിയിൽ
സ്റ്റേഷനിലെത്തുന്ന അയ്യപ്പഭക്തന്മാർക്കായി എട്ടോളം ബയോ ടോയ്ലെറ്റുകൾ താത്കാലികമായി സ്ഥാപിച്ചിട്ടുണ്ട്. കൂട്ടമായി അയ്യപ്പഭക്തർ എത്തുമ്പോൾ ഇതും തികയില്ല. ഇവർ മറ്റുവഴികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ആകെ ജീവനക്കാർ - 38
വനിതാ ജീവനക്കാർ - 19