
കൊച്ചി: ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടി എറണാകുളം സബ് കോടതി സ്റ്റേ ചെയ്തു. സാന്ദ്രയുടെ ഹർജിയിലാണ് നടപടി. അന്തിമ ഉത്തരവ് വരെ സാന്ദ്രയ്‌ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗമായി തുടരാമെന്നും വ്യക്തമാക്കി.
സംഘടനയുടെ ഓഫീസിൽ ചർച്ചയ്ക്കെത്തിയ തന്നോട് ഭാരവാഹികൾ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്ന് സാന്ദ്ര പൊലീസിൽ പരാതി നൽകിയിരുന്നു. വാർത്താസമ്മേളനവും നടത്തി. തുടർന്നാണ് സംഘടന അച്ചടക്ക നടപടിയെടുത്തത്.