
കൊച്ചി: തൃശൂർ എം.പി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കാൻ മാറ്റി. മതവികാരം ഇളക്കിവിട്ടാണ് സുരേഷ് ഗോപി വിജയിച്ചതെന്നാരോപിച്ച് എ.ഐ.വൈ.എഫ് നേതാവ് എ.എസ്. ബിനോയി നൽകിയ ഹർജിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്.
കേസിനായി പിടിച്ചുവച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ അപേക്ഷയും കോടതി അവധിക്കു ശേഷം പരിഗണിക്കും.
രാജ്യത്ത് ഉടൻ നടക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് ഈ യന്ത്രങ്ങൾ ആവശ്യമാണെന്ന് കമ്മിഷന്റെ അപേക്ഷയിൽ പറയുന്നു.