karuvannur

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ പഴയ സ്വത്തുക്കളും കണ്ടുകെട്ടിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. കള്ളപ്പണക്കേസുകളിൽ കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടണമെന്ന് ബന്ധപ്പെട്ട നിയമം (പി.എം.എൽ.എ) വ്യവസ്ഥചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. കുറ്റം ചെയ്യുന്നതിന് മുമ്പ് സമ്പാദിച്ച വസ്തുവകകൾ കണ്ടുകെട്ടലിൽ നിന്ന് ഒഴിവാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

തങ്ങളുടെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ ഡേവി വർഗീസും ഭാര്യ ലൂസിയും നൽകിയ ഹർജിയാണ് ഭാഗികമായി അനുവദിച്ചത്.

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ഹർജിക്കാരും ബിസിനസ് പങ്കാളികളും 3.49 കോടിയുടെ അനധികൃത വായ്പകൾ തരപ്പെടുത്തിയെന്നാണ് കേസ്. ഇവ‌ർക്കെതിരെ ആരോപിക്കുന്ന കുറ്റം നടന്നത് 2014ലാണ്. അതിനാൽ ഹർജിക്കാർ 1987, "97, "99 വർഷങ്ങളിൽ വാങ്ങിയ സ്വത്തുക്കളുടെ കണ്ടുകെട്ടൽ നിയമപ്രകാരമല്ലെന്നു വ്യക്തമാക്കി കോടതി റദ്ദാക്കി. 1987ൽ പി.എം.എൽ.എ നിയമം പോലും പ്രാബല്യത്തിലുണ്ടായിരുന്നില്ലെന്ന് കോടതി പറഞ്ഞു.

എല്ലാ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഇ.ഡി കണ്ടുകെട്ടിയതിനാൽ ദൈനംദിന ചെലവിനുപോലും പണമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. വായ്പത്തുകയെക്കാൾ വിലമതിക്കുന്ന 8.5 കോടിയുടെ വസ്തുക്കൾ ബാങ്കിൽ ഈടു നൽകിയിരുന്നതാണെന്നും ബോധിപ്പിച്ചിരുന്നു. കരുവന്നൂരിലടക്കം ഇ.ഡി. രജിസ്റ്റർ ചെയ്ത കേസുകളിൽ ദൂരവ്യാപക സ്വാധീനമുണ്ടാക്കാവുന്നതാണ് ഹൈക്കോടതി ഉത്തരവ്.