
കൊച്ചി: അഷ്ടമുടി കായലിലെ പൂവൻ കക്കയുടെ ഉത്പാദനം കുറയുന്നത് പരിഹരിക്കാൻ പുനരുജ്ജീവന പദ്ധതിക്ക് തുടക്കം. കായലിൽ 30 ലക്ഷം കക്ക വിത്തുകൾ നിക്ഷേപിച്ചു. സുസ്ഥിരമായ രീതിയിൽ കായലിൽ കക്കയുടെ ലഭ്യത പൂർവസ്ഥിതിയിലാക്കുകയാണ് ലക്ഷ്യം.
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന ബ്ലൂ ഗ്രോത്ത് പദ്ധതിയുടെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ) പദ്ധതി നടപ്പാക്കുന്നത്. വിഴിഞ്ഞം കേന്ദ്രത്തിലെ ഹാച്ചറിയിൽ കൃത്രിമ പ്രജനന സാങ്കേതികവിദ്യയിലൂടെ ഉത്പാദിപ്പിച്ച വിത്തുകളാണ് കായലിൽ രണ്ടിടത്തായി നിക്ഷേപിച്ചത്. മത്സ്യത്തൊഴിലാളികൾക്കും വിദേശ കയറ്റുമതിക്കും ഗുണകരമാകുന്നതാണ് പദ്ധതി. ഒരുവർഷം നീണ്ട ഗവേഷണത്തിലൂടെയാണ് പൂവൻ കക്കയുടെ വിത്തുത്പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്.
സി.എം.എഫ്.ആർ.ഐ വിഴിഞ്ഞം കേന്ദ്രം മേധാവി ഡോ. ബി.സന്തോഷ്, പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. എം.കെ.അനിൽ, ഡോ. ഇമെൽഡ ജോസഫ്, ജോ. ഫിഷറീസ് ഡയറക്ടർ എച്ച്.സാലിം, ഡെപ്യുട്ടി ഫിഷറീസ് ഡയറക്ടർ രമേഷ് ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
30 ലക്ഷം വിത്തുകൾ നിക്ഷേപിച്ചു
കൊല്ലം ജില്ലയിലെ ബിഷപ്പ്, വളം അൻസിൽ തുരുത്തുകളിൽ
അഷ്ടമുടി കായലിലെ അമൂല്യ സമ്പത്താണ് പൂവൻകക്ക
വർഷങ്ങളായി ഉത്പാദനം ഗണ്യമായി കുറഞ്ഞു
മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിച്ചു
1990ൽ കക്കയുടെ വാർഷിക ലഭ്യത-10,000 ടൺ
മുൻവർഷം-1000 ടണ്ണിൽ താഴെ
(സി.എം.എഫ്.ആർ.ഐയുടെ കണക്ക്)
വിദേശത്ത് പ്രിയം
അന്താരാഷ്ട്ര വിപണികളിൽ ആവശ്യക്കാർ ഏറെയുള്ളതിനാൽ മികച്ച കയറ്റുമതി സാദ്ധ്യതയുള്ളതാണ് കക്ക. കല്ലുമ്മക്കായ വിത്തുത്പാദനത്തിനുള്ള ഹാച്ചറി സംവിധാനവും സി.എം.എഫ്.ആർ.ഐ ആരംഭിച്ചു. സുസ്ഥിര മത്സ്യക്കൃഷി വർദ്ധിപ്പിച്ച് ഉയർന്ന ഗുണമേന്മയുള്ള വിത്തുകൾ കർഷകർക്ക് ലഭ്യമാക്കുകയുമാണ് ഹാച്ചറിയുടെ ലക്ഷ്യം. കല്ലുമ്മക്കായ വിത്തുകൾ കർഷകർക്ക് കൈമാറി.
പരിസ്ഥിതി മലിനീകരണം, തദ്ദേശീയമല്ലാത്ത ജീവിവർഗങ്ങളുടെ കടന്നുകയറ്റം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് കക്ക ലഭ്യത കുറച്ചത്.
ശാസ്ത്രജ്ഞർ