
മൂവാറ്റുപുഴ: മൂവാറ്റുപുഴ -തേനി, പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡ് നിർമ്മിക്കുന്നതിനായി ഭരണാനുമതി ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി.എ.മുഹമ്മദ് റിയിസിന് നിവേദനം നൽകി. പദ്ധതിക്കായി 2010-11 സാമ്പത്തിക വർഷത്തിലെ സംസ്ഥാന ബഡ്‌ജറ്റിൽ ടോക്കൺ പ്രൊവിഷനായി ഫണ്ട് വകയിരുത്തിയിരുന്നു. 2011 ജൂൺ 10ന് 5 കോടി രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ ഭരണാനുമതിക്കായി ഗവണ്മെന്റിന് സമർപ്പിച്ചു. ഇതോടൊപ്പം സമർപ്പിച്ചിരുന്ന അലൈൻമെന്റിനെതിരെ മൂവാറ്റപുഴ നിർമ്മലാ കോളേജ് മാനേജ്‌മെന്റ് ആക്ഷേപം ഉന്നയിച്ചതോടെ തുടർ നടപടി വൈകി. അലൈൻമെന്റിൽ മാറ്റം വരുത്തുവാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാണെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് 2016 ജനുവരി 11ന് കോടതി വ്യവഹാരം അവസാനിപ്പിച്ചു. തുടർന്ന് മറ്റൊരു അലൈൻമെന്റ് തയ്യാറാക്കി ഗവണ്മെന്റിൽൽ സമർപ്പിച്ച് 2019 -ൽ അംഗീകാരം ലഭിച്ചുവെങ്കിലും നാളിതുവരെ ബൈപാസ് നിർമ്മാണത്തിന് ഗവണ്മെന്റ് ഭരണാനുമതി നൽകിയിട്ടില്ല. മൂവാറ്റുപുഴ മണ്ഡലം വികസന സമിതി ഭാരവാഹികളായ മുൻ എം.എൽ.എ മാരായ ബാബുപോൾ, ഗോപി കോട്ടമുറിക്കൽ, അഡ്വ. പി.എം.ഇസ്മായിൽ എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.