കൊച്ചി: തൃപ്പൂണിത്തുറ ദേശവിളക്ക് മഹോത്സവം 26ന് വൈകിട്ട് നാലിന് ലായം സ്റ്റാച്യു ജംഗ്ഷനിൽ നടത്തും. ഇന്ന് ആറുസ്ഥലങ്ങളിൽ പതാക ഉയർത്തും. 25ന് വൈകിട്ട് കൂത്തമ്പലത്തിൽ അമ്പലം കാൽനാട്ടുകർമ്മം ആമേടമംഗലം വിഷ്ണു നമ്പൂതിരി നിർവഹിക്കും. 26ന് വൈകിട്ട് നാലിന് ബി.പി.സി.എൽ കൊച്ചി റൈഫനറി റിട്ട. എക്സിക്യുട്ടീവ് ഡയറക്ടർ പി.എസ്. രാമചന്ദ്രൻ ഭാഗവതരുടെ നേതൃത്വത്തിൽ അയ്യപ്പനാമ ഗാനാർച്ചനയോടെ ദേശവിളക്കാരംഭിക്കും.

4.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ജസ്റ്റിസ് എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സംഘടനാസെക്രട്ടറി വി.കെ. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തും. എൻ.ആർ. സുധാകരൻ, കൗൺസിലർ രാധികവർമ്മ എന്നിവർ സംസാരിക്കും. തുടർന്ന് കൊടകര സതീശൻ നമ്പത്തിന്റെയും സംഘത്തിന്റെയും ശാസ്താംപാട്ട്.

അയ്യപ്പസേവാ സമാജം തൃപ്പൂണിത്തുറ യൂണിറ്റ് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി. സോമനാഥൻ, ശബരിമല കർമ്മസമിതി ജില്ലാ അദ്ധ്യക്ഷൻ എൻ.ആർ. സുധാകരൻ, ദേശവിളക്ക് ഫിനാൻസ് കൺവീനർ കെ.എസ്. കൃഷ്ണമോഹൻ എന്നിവർ വിശദീകരിച്ചു.