 
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം 19 മുതൽ 30 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ 13 വേദികളിലായി നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനറിൽനിന്നും വിവിധ മത്സരങ്ങളിൽ ഒന്നാംസ്ഥാനത്തെത്തിയ മൂവായിരത്തിലധികം കലാ, കായിക താരങ്ങൾ പങ്കെടുക്കും. ജില്ലാ കേരളോത്സവത്തിന്റെ മുന്നോടിയായി 19ന് വൈകിട്ട് കളക്ടറേറ്റ് പരിസരത്ത് ടീം കേരളയുടെ ഫ്ലാഷ് മോബ്. തുടർന്ന് ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രസിഡന്റ് പതാക ഉയർത്തും. 20ന് രാവിലെ 9.30 ന് കേരളോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കും. ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷയാകും. കളക്ടർ എൻ.എസ്.കെ ഉമേഷ്, സംസ്ഥാന യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റ് എൽസി ജോർജ് തുടങ്ങിയവർ മുഖ്യാതിഥികളാകും.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാൾ, ഇ.എം.എസ് ഹാൾ, ഉമ്മൻചാണ്ടി ഹാൾ, ലീഡേഴ്സ് ചേംബർ, തൃക്കാക്കര കമ്മ്യൂണിറ്റി ഹാൾ എന്നീ വേദികളിൽ 20, 21, 22 തീയതികളിൽ വിവിധ കലാമത്സരങ്ങൾ നടക്കും.
30ന് രാവിലെ 10ന് സമാപനസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള എവർറോളിംഗ് ട്രോഫികളും വിതരണംചെയ്യും.
ഫോൺ: 0484 2425205.