കോതമംഗലം: എറണാകുളം നഗരത്തിലെ സെക്യൂരിറ്റി ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട കുട്ടമ്പുഴ വലിയ ക്ണാച്ചേരി കോടിയാട്ട് എൽദോസ് വർഗീസിന് (45) നാട് കണ്ണീരോടെ യാത്രാമൊഴിയേകി. മേഖലയിലെ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ നാട്ടുകാരുടെ പ്രതിഷേധവും ഹർത്താലും സംസ്‌കാരത്തിനു ശേഷവും തുടരുകയാണ്.

എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ക്ണാച്ചേരിയിലെ വീട്ടിലും ചേലോട് കുറുമറ്റം മർത്തോമ പള്ളിയിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നൂറുകണക്കിനു പേർ അന്ത്യാഞ്ജലി അർപ്പിച്ചു. പള്ളി സെമിത്തേരിയിൽ വൈകിട്ട് 4.45ഓടെ സംസ്‌കാരം നടത്തി.

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് കാട്ടാന എൽദോസിനെ ആക്രമിച്ചത്. ബസിറങ്ങി ഒരു കിലോമീറ്ററോളം ഇടറോഡിലൂടെ നടന്നുവേണം വീട്ടിലെത്താൻ. എൽദോസ് ബസിറങ്ങി 400 മീറ്ററോളം നടന്നപ്പോഴാണ് ഇരുട്ടിൽ നിന്നിരുന്ന കാട്ടാന ആക്രമിച്ചത്. എൽദോസിനെ ചവിട്ടുകയും കുത്തുകയും ചെയ്തശേഷം മരത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ആന്തരികാവയവങ്ങൾ പുറത്തുവന്നിരുന്നു. എല്ലുകൾ നുറുങ്ങിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ക്രിസ്‌മസായതിനാൽ മാതാപിതാക്കൾക്ക് സമ്മാനങ്ങളും വാങ്ങി വരുന്ന വഴിയാണ് ആന ആക്രമിച്ചത്. കൃഷികൊണ്ടു മാത്രം ജീവിക്കാൻ കഴിയാത്തതിനെ തുടർന്നാണ് എൽദോസ് സെക്യൂരിറ്റി ജോലിക്ക് പോയത്.

കുടുംബത്തിന്റെ ആശ്രയമായിരുന്ന മകന്റെ മൃതദേഹം വീട്ടിലെത്തിച്ചതോടെ മാതാപിതാക്കളായ വർഗീസും റൂത്തും സഹോദരി ലീലാമ്മയും കുടുംബാംഗങ്ങളും നിയന്ത്രണം വിട്ടു കരഞ്ഞത് നാട്ടുകാരെയും സങ്കടത്തിലാക്കി.

എം.എൽ.എമാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, ഡി.സി.സി പ്രിസിഡന്റ് മുഹമ്മദ് ഷിയാസ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ. അനിൽകുമാർ തുടങ്ങിയവർ എൽദോസിന്റെ വീട്ടിലെത്തി.

എൽദോസിന്റെ കുടുംബത്തിന് സർക്കാരിന്റെ സഹായമായി 10 ലക്ഷം രൂപ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് കൈമാറി.

കിടങ്ങ് നിർമ്മാണം ആരംഭിച്ചു

വന്യമൃഗശല്യം തടയാൻ വനം വകുപ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ കോതമംഗലം രൂപതാ ബിഷപ്പ് ജോർജ് മടത്തിക്കണ്ടത്തിൽ എൽദോസിന്റെ സംസ്‌കാര ശുശ്രൂഷയ്‌ക്കിടെ വിമർശിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്തെ വനം വകുപ്പ് ഓഫീസിലേക്ക് നൂറുകണക്കിനുപേർ പ്രകടനം നടത്തി.

കിടങ്ങ് നിർമ്മിച്ചും വേലി കെട്ടിയും കാട്ടാന നാട്ടിലേക്ക് കടക്കുന്നത് തടയണമെന്ന് നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.

ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് നാട്ടുകാർക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ട്രഞ്ച് നിർമ്മാണം തുടങ്ങി. വനം വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ ഇന്നലെ പുലർച്ച വരെ നീണ്ടുനിന്ന നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവിലാണ് എൽദോസിന്റെ മൃതദേഹം നീക്കം ചെയ്യാനായത്.