
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ തൊട്ടുച്ചിറ കാണണമെങ്കിൽ വെള്ളമല്ല, പുല്ലു മാറ്റണം. 10 ഏക്കറോളം വിസ്തൃതിയുള്ള ഈ ചിറ വെള്ളം കാണാതെ പുല്ലു മൂടി കിടക്കുകയാണ്. കൂവപ്പടി പഞ്ചായത്തിന്റെയും ഒക്കൽ പഞ്ചായത്തിന്റെയും അതിർത്തിയിലാണ് ചിറ സ്ഥിതി ചെയ്യുന്നത്. കൂവപ്പടി പഞ്ചായത്തിലെ ഇരുപതാം വാർഡിലെ പാടശേഖരത്തിൽ നിന്ന് ആരംഭിക്കുന്ന തോട്ടിലൂടെ വെള്ളം തൊട്ടുച്ചിറയിൽ ഒഴുകിയെത്തി അവിടെനിന്നും കൊടുവേലി ചിറയിലേക്ക് ഒഴുകി പോകുന്നു. കൂവപ്പടി, ഒക്കൽ പഞ്ചായത്തുകളിലെ രണ്ടായിരത്തോളം കുടുംബങ്ങളിലെ കിണറുകളിലേക്ക് ഉറവ് ലഭിക്കുന്നത് ഈ ചിറയിൽ നിന്നാണ്. ചിറ സംരക്ഷിച്ച് ഈ പ്രദേശത്തെ കുടിവെള്ളത്തിനും കൃഷിക്കും ഉപകാരത്തക്ക രീതിയിൽ സംരക്ഷിക്കണമെന്ന് ചേരാനല്ലൂർ ഗ്രാമ വികസന സമിതി പ്രസിഡന്റ് ദേവച്ചൻ പടയാട്ടിലും ജനറൽ സെക്രട്ടറി അവറാച്ചൻ ആലുക്കയും മന്ത്രിക്ക് നിവേദനം നൽകി.
വർഷങ്ങൾക്കു മുൻപ് ഈ ചിറ അളന്നു തിട്ടപ്പെടുത്തുവാൻ കൂവപ്പടി പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. 20 വർഷം മുമ്പ് വരെ ഈ ചിറ മീൻ പിടിക്കുവാൻ ലേലം ചെയ്തിരുന്നു. മാർച്ച്- ഏപ്രിൽ മാസങ്ങളിൽ വലിയ വല ഉപയോഗിച്ച് ടൺ കണക്കിന് മീനുകളെ പിടിച്ചിരുന്നു. സ്ഥിരമായി ചൂണ്ടയും വലയും ഉപയോഗിച്ച് മീൻ പിടിച്ച് ഉപജീവനം നടത്തുന്നവരും ധാരാളമുണ്ടായിരുന്നു.
പുല്ലുമൂടി ചിറ
2021ൽ എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ പെടുത്തി 35 ലക്ഷം രൂപ ചെലവ് ചെയ്ത് പുല്ലും പായലും ചെളിയും മാറ്റിയെങ്കിലും പഞ്ചായത്ത് തുടർ പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതിരുന്നതിനാൽ വീണ്ടും പുല്ല് വന്ന് മുഴുവനായി മൂടിയിരിക്കുകയാണ്.
ചിറയുടെ അവസ്ഥ
1. കരിങ്കല്ല് കൊണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് കെട്ടിയ പാർശ്വഭിത്തി പലയിടത്തും ഇടിഞ്ഞു പോയിരിക്കുകയാണ്.
2. രണ്ടുവർഷം മുമ്പ് കേന്ദ്ര ഗവൺമെന്റിന്റെ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപ്പെടുത്തി തോട് ശുചീകരിച്ചെങ്കിലും വീണ്ടും പഴയ പടി ആയി
3. ചിറയുടെ കിഴക്കുവശത്തെത്തുന്ന തോട് 25 മീറ്ററോളം ചെളിയും മണ്ണും വന്നു നിറഞ്ഞിരിക്കുകയാണ്.
നാട്ടുകാരുടെ ആവശ്യങ്ങൾ
1. എത്രയും പെട്ടെന്ന് ഈ ചിറ അളന്നു തിട്ടപ്പെടുത്തി റിംഗ് റോഡോടുകൂടിയ സംരക്ഷണഭിത്തി കെട്ടണം
2. ചിറയുടെ കിഴക്ക് വശത്തേക്കുള്ള തോടും പടിഞ്ഞാറുവശത്തേക്കുള്ള തോടും ശുചീകരിക്കണം
3. പുല്ലും പായലും മാറ്റി ചിറ പൂർവ്വ സ്ഥിതിയിൽ എത്തിക്കണം
കേന്ദ്രസർക്കാരിന്റെ അമൃതസരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ ആഴം കൂടി ചെളികോരി വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട് . ഇതുകൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി 2011 മുതൽ2016 വരെയുള്ള കാലഘട്ടത്തിൽ തുടർച്ചയായി പായൽ നീക്കി ചെളി കോരി വൃത്തിയാക്കിയിരുന്നു
മായ കൃഷ്ണകുമാർ
പ്രസിഡന്റ്
കൂവപ്പടി പഞ്ചായത്ത്