
പെരുമ്പാവൂർ: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുന്നിലൂടെ പോകുന്ന കെ.ഹരിഹര അയ്യർ റോഡ് കുത്തിപ്പൊളിച്ച് താറുമാറാക്കിയതിൽ പ്രതിഷേധിച്ച് പെരുമ്പാവൂർ നഗരസഭ ചെയർമാന്റെയും കൗൺസിലറുടെയും ക്ഷേത്രം ഉപദേശക സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു. ശബരിമല മകരവിളക്ക് പ്രമാണിച്ച് പെരുമ്പാവൂർ ശ്രീധർമ്മ ശാസ്ത്ര ക്ഷേത്രം തീർത്ഥാടകരുടെ ഇടത്താവളം ആയി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അനേകം തീർത്ഥാടകരാണ് നിത്യേന ക്ഷേത്രം സന്ദർശിക്കുന്നത്. എല്ലാവർഷവും പ്രസ്തുത സമയത്ത് പി.ഡബ്ല്യു.ഡി മുഴുവൻ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുമായിരുന്നു. സിവിൽ സ്റ്റേഷനിലേക്കും ഗവ. ആശുപത്രിയിലേക്കും ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലേക്കും പോകുന്നതിന് ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നതും ഹരിഹര അയ്യർ റോഡ് ആണ്.
ഒരു വർഷം മുമ്പാണ് പ്രസ്തുത വഴിയിലൂടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് പൈപ്പുകൾ എത്തിച്ചത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പണികൾ ആരംഭിച്ചിരുന്നില്ല. തിരക്ക് അനുഭവപ്പെടുന്ന വൃശ്ചിക മാസത്തിൽ റോഡ് കുത്തിപ്പൊളിച്ച് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഇടാൻ അനുമതി നൽകരുതെന്ന് കാണിച്ച് മുനിസിപ്പൽ ചെയർമാൻ രേഖാമൂലം പി.ഡബ്ല്യു.ഡിക്കും വാട്ടർ അതോറിറ്റിക്കും അറിയിപ്പ് നൽകിയിരുന്നു. തീർത്ഥാടന കാലമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലും ഇതേ ആവശ്യം നഗരസഭ ഉന്നയിച്ചിരുന്നു. ഇതെല്ലാം അവഗണിച്ച് ആറുമാസം മുമ്പ് വാട്ടർ അതോറിറ്റി പണം അടച്ചിട്ടും പിഡബ്ല്യുഡി തിരക്കുള്ള മണ്ഡല കാലഘട്ടത്തിൽ തന്നെ റോഡ് കുത്തി പൊളിക്കാൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് ഉപരോധം നടത്തിയത്. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ, വാർഡ് കൗൺസിലർ ടി.ജവഹർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എൻ.പി. ബാബു, സെക്രട്ടറി. ബി. വിജയകുമാർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു ഉപരോധം. തകർന്നുകിടക്കുന്ന സ്ലാബും കാനയും, കുത്തിപ്പൊളിച്ച റോഡും അടിയന്തരമായി നന്നാക്കാൻ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ചെയർമാൻ മുന്നറിയിപ്പു നൽകി.