p

കൊച്ചി: കഴക്കൂട്ടം സുൾഫിക്കർ വധക്കേസിൽ നാലു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. കഴക്കൂട്ടം സ്വദേശികളായ ഒന്നാംപ്രതി മുഹമ്മദ് ഷാഹിൻ, രണ്ടാംപ്രതി സാദത്ത്, നാലാംപ്രതി ഷഫീഖ്, ആറാംപ്രതി തിരുവനന്തപുരം സ്വദേശി ഷമീർ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടയച്ചത്. പ്രതികൾ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.

2009 മാർച്ച് 8നാണ് തെറ്റിയാർതോടിന്റെ കരയിലുള്ള ഒരു സ്‌പ്രേ പെയിന്റ് വർക്‌ഷോപ്പിൽ സുൾഫിക്കറിന്റെ മൃതദേഹം കണ്ടെത്തിയത്. ഒന്നാം പ്രതിയുടെ അമ്മയെ സുൾഫിക്കർ കൈയേറ്റം ചെയ്തതിന്റെ വിരോധത്തിലാണ് കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കേസ്. ഏഴു പ്രതികളുള്ള കേസിൽ മൂന്നു പേർ ഒളിവിൽ പോയതിനാൽ ഹർജിക്കാരായ നാലുപേർ മാത്രമാണ് വിചാരണ നേരിട്ടത്.

സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ പ്രതികൾ കുറ്റം ചെയ്തെന്ന് സംശയാതീതമായി ബോദ്ധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി.