നെടുമ്പാശേരി: ചക്രത്തിന്റെ പുറംപാളി പൊളിഞ്ഞതിനെ തുടർന്ന് സുരക്ഷ മുൻനിറുത്തി വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാവിലെ 10.45ന് കൊച്ചിയിൽ നിന്ന് ബഹ്‌റിനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഐ.എക്‌സ്. 471 വിമാനമാണ് തിരിച്ചിറക്കിയത്.
റൺവേയിൽ ടയറിന്റെ ഭാഗം കണ്ടെത്തിയതിനെ തുടർന്ന് എയർ ട്രാഫിക് കൺട്രോൾ ടവർ മുഖേന പൈലറ്റിന് വിവരം കൈമാറി. വിമാനം തിരിച്ചിറക്കുന്നതിനായി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഗ്നിശമന സംവിധാനം ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി. ഏതാനും സമയം പറന്ന് ഇന്ധനത്തിന്റെ അളവ് കുറച്ചശേഷമാണ് തിരിച്ചിറക്കിയത്.
സുരക്ഷിതമായി ഇറങ്ങിയ വിമാനം പാർക്കിംഗ് ബേയിലേക്ക് മാറ്റി. പരിശോധനയിൽ വലതുഭാഗത്തെ ചക്രത്തിന്റെ പുറംപാളി പൊളിഞ്ഞുപോയതാണെന്ന് കണ്ടെത്തി.
വിമാനത്തിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 111 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ മറ്റൊരു വിമാനത്തിൽ ഉച്ചയ്‌ക്ക് 2.45ന് യാത്രക്കാരെ ബഹ്‌റൈനിലേക്ക് അയച്ചു.