accident
ആലുവയിൽ മുട്ട കയറ്റി വന്ന പിക്കപ്പ് ലോറിയിൽ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് മുട്ട പൊട്ടി റോഡിൽ ചിതറിയപ്പോൾ.

* തോട്ടുമുഖത്ത് ഗതാഗതം തടസപ്പെട്ടു

ആലുവ: മുട്ട കയറ്റിവന്ന പിക്കപ്പ് ലോറിയിൽ സ്വകാര്യ ബസിടിച്ച് ഇരുപതിനായിരത്തോളം 20,000 മുട്ടകൾ റോഡിൽ പൊട്ടിയൊഴുകി. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ലോറി അടുത്തുള്ള വർക്ക്ഷോപ്പിലേക്ക് പാഞ്ഞുകയറി രണ്ടു കാറുകളിലും ഇടിച്ചാണ് നിന്നത്. റോഡിലെ മതിലും തകർത്തു. ഇന്നലെ രാവിലെ ഒമ്പതോടെ ആലുവ - പെരുമ്പാവൂർ ദേശസാത്കൃത പാതയിൽ തോട്ടുമുഖത്തായിരുന്നു സംഭവം. ആളപായമില്ല.

ക്രിസ്മസ് വിപണി കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളിലേക്ക് മുട്ടയുമായി വന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുട്ടകൾ പൊട്ടി റോഡിൽ ഒഴുകിയതിനെത്തുടർന്ന് വാഹനങ്ങൾ തെന്നിമറിയാതിരിക്കാൻ ആലുവ ഫയർഫോഴ്സെത്തി റോഡ് കഴുകി വൃത്തിയാക്കി. അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.