ആലങ്ങാട്: ദേശീയപാത 66ൽ കൂനമ്മാവ് ഭാഗത്ത് കൂടുതൽ അടിപ്പാതകൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കോട്ടുവള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂനമ്മാവ് മാർക്കറ്റിന് സമീപം നടത്തുന്ന ജനകീയ പ്രക്ഷോഭവും റിലേ സത്യാഗ്രഹവും 45 ദിവസം പിന്നിട്ടു. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത മൂലം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ദേവാലയങ്ങളും സ്ഥിതിചെയ്യുന്ന കൂനമ്മാവ് പ്രദേശം ഭാവിയിൽ യാത്രാദുരിതത്തിലാകും. നിലവിൽ 3.8 മീറ്റർ സർവീസ് റോഡും ഒരു അടിപ്പാതയും മാത്രമാണ് കൂനമ്മാവിൽ അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇവിടെ അനിയന്ത്രിതമായ വാഹന തിരക്ക് രൂപപ്പെടും. വിദ്യാർത്ഥികളടക്കമുള്ളവർക്ക് കാൽനടയാത്ര പോലും ദുഷ്കരമാകും. ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ ചിത്തിര കവലയിൽ ഇന്ന് വൈകീട്ട് 3.30ന് നിലവിലെ അടിപ്പാതയിൽ ഗതാഗത സ്തംഭന ആവിഷ്കാര സമരം നടത്തും. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് 5000 പോസ്റ്റ് കാർഡുകൾ അയക്കുമെന്ന് സമരസമിതി ചെയർമാൻ തമ്പി മേനാച്ചേരി, വി.എച്ച്. ജമാൽ, ഡോ. ജസ്റ്റിൻ ഇലഞ്ഞിക്കൽ, ടോമി ചന്ദനപറമ്പിൽ, മാത്തപ്പൻ കാനപ്പിള്ളി, എ.ഒ. ആന്റപ്പൻ എന്നിവർ പറഞ്ഞു.