നെടുമ്പാശേരി: 21 വർഷമായി ശാപമോക്ഷം കാത്ത് കിടന്ന നെടുമ്പാശേരി പഞ്ചായത്തിലെ കാരക്കാട്ടുചിറ സംരക്ഷിക്കാൻ നടപടിയാകുന്നു. ഏറെ മുറവിളികൾക്ക് ശേഷം പാറക്കടവ് ബ്ലോക്ക് പഞ്ചായത്തും നെടുമ്പാശേരി ഗ്രാമപഞ്ചായത്തും ചേർന്ന് ചിറയും പരിസരവും നവീകരിക്കാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ, വാർഡ് മെമ്പർ അജിതാ അജയൻ എന്നിവർ സ്ഥലത്തെത്തി നവീകരണം വിലയിരുത്തി. 2003ൽ പി.വൈ. വർഗീസ് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ജില്ലയിലെ പ്രധാന പ്രകൃതിദത്ത ജലസംഭരണികളിലൊന്നായ കാരക്കാട്ടുചിറ ആദ്യമായി നവീകരിച്ചത്. പ്രദേശത്തെ വരൾച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കുകയായിരുന്നു ലക്ഷ്യം. ചിറ നിറയെ വെള്ളമുള്ളതിനാൽ പിന്നീട് പ്രദേശത്തെ നൂറുകണക്കിന് കിണറുകൾ വറ്റിയില്ല. എന്നാൽ 21 വർഷം കഴിഞ്ഞിട്ടും ചിറയിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. പുല്ലും ആഫ്രിക്കൻ പായലും വളർന്ന് വെള്ളം കാണാത്ത വിധം ചിറ മൂടി. ചിറക്ക് ചുറ്റുമുള്ള വഴിയിലൂടെ നടക്കാനോ, ചിറയിലേക്ക് ഇറങ്ങാനോ കഴിയാത്ത വിധം കാടുപിടിച്ചു. ചിറയുടെ തുടർ വികസനത്തിനുള്ള രൂപരേഖയിൽ ചുറ്റുമുള്ള നടപ്പാത നവീകരിച്ച് ആളുകൾക്ക് നടക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കൽ, ചുറ്റും പൂന്തോട്ടം ഒരുക്കൽ, മത്സ്യം വളർത്തൽ, നീന്തൽ പരിശീലനം, ചിറയുടെ വശങ്ങൾ പൊക്കി കെട്ടി സംഭരണശേഷി വർദ്ധിപ്പിക്കൽ എന്നിവയാണ് പറഞ്ഞിരുന്നത്. പക്ഷെ ഒന്നും നടപ്പായില്ല.
നവകേരള സദസിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ചിറയിൽ പ്രാദേശിക ടൂറിസം പദ്ധതിയുടെ സാദ്ധ്യതകൾ വിലയിരുത്താൻ ടൂറിസം ഉദ്യോഗസ്ഥർ ചിറ സന്ദർശിച്ചത് പ്രതീക്ഷക്ക് വകനൽകിയിരുന്നു. ഇതിനിടെയാണ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ ചിറ വികസനത്തിനായി പുതിയ പദ്ധതി ആവിഷ്‌കരിച്ചത്.
നെടുമ്പാശേരി പഞ്ചായത്ത് ചെലവഴിക്കുന്നത്
30 ലക്ഷം രൂപ
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ചെലവഴിക്കുന്നത്
17 ലക്ഷം രൂപ
ചിറയിലെ പുല്ലും പായലും വാരി മാറ്റി വൃത്തിയാക്കുന്നതിന് ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ പ്രത്യേകമായും വിനിയോഗിക്കും
ചിറയിലെ പായൽ വാരൽ തുടങ്ങി
ചുറ്റുമുള്ള നടപ്പാത വൃത്തിയാക്കും
ആദ്യം ചിറയുടെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ നടപ്പാത ടൈൽ വിരിക്കും
പടിഞ്ഞാറ് ഭാഗത്ത് കുട്ടികൾക്കായി ഹാപ്പിനസ് പാർക്ക് ഒരുക്കും
ചിറക്കരികിൽ കൈവരികളും ഇരിക്കാൻ ബെഞ്ചുകളും സ്ഥാപിക്കും
അടുത്ത ഘട്ടങ്ങളിലായി ചിറക്ക് ചുറ്റുമുള്ള ബാക്കിവരുന്ന നടപ്പാതയിൽ ടൈൽസ് വിരിക്കും
ഓപ്പൺ ജിം സ്ഥാപിക്കാനും പദ്ധതി
കാരക്കാട്ട് ചിറയുടെ വിസ്തീർണം
10 ഏക്കർ