
കൊച്ചി: തമിഴ്നാട്ടിൽ സർക്കാർ അനുഭാവ സമീപനം സ്വീകരിക്കുമ്പോൾ കേരളത്തിൽ ദ്രോഹമാണ് ചെയ്യുന്നത് സ്കൂൾ പാചക തൊഴിലാളികൾ. തമിഴ്നാട്ടിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായി അംഗീകരിച്ച് ശമ്പളവും പെൻഷനും മറ്റാനുകൂല്യങ്ങളും നൽകുമ്പോൾ കേരളത്തിൽ മൂന്നുമാസത്തെ ശമ്പളം കുടിശികയാണ്. വാഗ്ദാനം ചെയ്ത ശമ്പളവുമില്ല.
തമിഴ്നാട്ടിൽ ഒരു സ്കൂളിൽ മൂന്ന് തൊഴിലാളികളാണുള്ളത്. ഒരു സൂപ്പർവൈസർ, കുക്ക്, അസിസ്റ്റന്റ് കുക്ക്. സൂപ്പർവൈസർക്ക് ക്ലർക്കിന് തുല്യവും കുക്കിന് ലാസ്റ്റ് ഗ്രേഡ് പദവിയുമാണ്. കേരളത്തിൽ ആയിരം കുട്ടികളുണ്ടെങ്കിലും ഒരു ജീവനക്കാരി മാത്രം. 600 രൂപയാണ് ദിവസവേതനം. 1000 രൂപയാക്കണമെന്ന വ്യവസ്ഥ പോലും നടപ്പിലാക്കുന്നില്ല. 600 രൂപ കേന്ദ്രവും 400 രൂപ സംസ്ഥാന സർക്കാരും നൽകേണ്ടതാണ്. കേന്ദ്രഫണ്ട് വകമാറ്റി ചെലവാക്കുന്നതിനാൽ തുക ലഭിക്കുന്നില്ലെന്നാണ് പരാതി. ശമ്പളം കുടിശികയുമാണ്. ഒരാൾക്ക് സ്കൂളിൽ പാചകം ചെയ്യാൻ പറ്റാത്തതിനാൽ സഹായിയെ നിറുത്തുകയാണ് പതിവ്. കിട്ടുന്ന ശമ്പളത്തിൽ നിന്ന് പകുതിയോളം സഹായിക്ക് നൽകണം. വിരമിക്കൽ പ്രായമോ ആനുകൂല്യമോ നിലവിലില്ല. 80 വയസുള്ളവർ വരെ ജോലി ചെയ്യുന്നുണ്ട്.
തമിഴ്നാട്ടിൽ 1,28,210 തൊഴിലാളികൾക്ക് പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവ നൽകുമ്പോൾ കേരളത്തിൽ യാതൊന്നുമില്ല.
500 കുട്ടിക്ക് ഒരു തൊഴിലാളി
500 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളിയെന്നതാണ് കണക്ക്. 150ൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ആഹാരമുണ്ടാക്കാൻ ഓരാൾക്ക് കഴിയില്ല. ചോറിനൊപ്പം പലതരം കറികൾ വേണം. മുട്ടയും പാലും വിഭവങ്ങളിൽപ്പെടും. 500 പേർക്കുള്ള മുട്ട നന്നാക്കി എടുക്കുന്നതിന് തന്നെ മണിക്കൂറുകൾ വേണം. വലിയ പാത്രങ്ങളിൽ ആഹാരം പാകം ചെയ്യുന്നതിനാൽ കഴുകിയെടുക്കാനും ബുദ്ധിമുട്ടാണ്. ജോലിക്ക് എത്താൻ വൈകിയാലോ ഭക്ഷണം പാകമാകാൻ വൈകിയാലോ പി.ടി.എയുടെ ഭാഗത്തുനിന്നുള്ള ഭീഷണി വേറെ.
ആനുകൂല്യങ്ങൾ
വാഗ്ദാനങ്ങളിൽ മാത്രം
തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ സർക്കാരുകൾ വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല. ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളില്ല. 2011ൽ ഉമ്മൻചാണ്ടി സർക്കാർ സ്കൂൾപാചക തൊഴിലാളികളെ നിരവധി ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി മിനിമം വേജസ് പരിധിയിൽ ഉൾപ്പെടുത്തിയെങ്കിലും 2016ൽ പിണറായി സർക്കാർ മരവിപ്പിച്ചെന്ന് തൊഴിലാളികൾ പറയുന്നു.
ആകെ തൊഴിലാളികൾ- 13553
(ഔദ്യോഗിക കണക്ക് പ്രകാരം)
നിലവിൽ 20000ൽ അധികം
ദിവസശമ്പളം- 600
തമിഴ്നാട്ടിൽ പാചകതൊഴിലാളികൾക്ക് നൽകുന്ന മാതൃകയിൽ കേരളത്തിലും ആനുകൂല്യങ്ങൾ നടപ്പാക്കണം. സർക്കർ വാഗ്നാനങ്ങൾ നൽകിയതല്ലാതെ ഒന്നും നടപ്പിലാക്കിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് 27ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തുന്നത്.
അഡ്വ. തമ്പാൻ തോമസ്
സംസ്ഥാന ഓഗനൈസിംഗ് സെക്രട്ടറി
എച്ച്.എം.എസ്