
ഏറെ മാറ്റങ്ങളോടെ നീറ്റ് യു.ജി 2025 പരീക്ഷ മേയ് 5 നു നടക്കും. നോട്ടിഫിക്കേഷൻ ജനുവരിയിൽ പുറത്തിറങ്ങും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. 2024ലെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ പഠിക്കാനായി നിയമിച്ച രാധാകൃഷ്ണൻ കമ്മിറ്റിയുടെ നിർദേശങ്ങൾ 202ൽ നടപ്പിലാക്കും. ഏറ്റവും പ്രധാനപ്പെട്ട നിർദേശം പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലാക്കണമെന്നാണ്. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉടൻ പ്രതീക്ഷിക്കാം. എന്നാൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെഴുതുന്ന പരീക്ഷയായതിനാൽ പരീക്ഷാ കേന്ദ്രങ്ങൾ ഫലപ്രദമായി നെറ്റ്‌വർക്ക് ചെയ്ത് സിബിടി രീതി നടപ്പിലാക്കാൻ പ്രായോഗിക തടസങ്ങളുണ്ട്.
സിലബസ്
2025 നീറ്റ് യു.ജി പരീക്ഷയുടെ സിലബസ് നാഷണൽ മെഡിക്കൽ കമ്മീഷൻ പുറത്തിറക്കി. സിലബസിൽ മുൻ വർഷത്തെ അപേക്ഷിച്ചു കുറവ് വരുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും സിലബസ് മാറ്റം വ്യക്തമായി മനസിലാക്കണം. അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡാണ് സിലബസ് പുറത്തിറക്കിയിരിക്കുന്നത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ വെബ് സൈറ്റിൽ ഇത് ലഭ്യമാണ്.
720 മാർക്കിലാണ് പരീക്ഷ. ഇതിൽ 50 ശതമാനം അതായത് 360 മാർക്കിന്റെ ചോദ്യങ്ങൾ ബയോളജിയിൽ നിന്നാണ്.
ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് പരീക്ഷയാണ്. മൊത്തം 180 ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും 4 മാർക്ക് വീതം. ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയിൽ നിന്ന് 45 വീതം ചോദ്യങ്ങളുണ്ടാകും. ഓരോ വിഷയത്തിൽ നിന്നും 5 വീതം മൊത്തം 20 അധിക ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ സിലബസിലെ മാറ്റം മനസിലാക്കി പഠിക്കണം. www.nmc.org.in.
17 വയസ് നിർബന്ധം
എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ, ഹോമിയോപ്പതി, യൂനാനി, സിദ്ധ, കാർഷിക, വെറ്ററിനറി, ഫിഷറീസ് ബിരുദ കോഴ്‌സുകൾക്കുള്ള പ്രവേശനം നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നാണ്.
പൊതുവിഭാഗത്തിൽ പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബിയോടെക്‌നോളജി 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കും അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും നീറ്റിന് അപേക്ഷിക്കാം. മറ്റു വിഭാഗത്തിൽപ്പെട്ടവർക്ക് 40 ശതമാനം മാർക്ക് മതിയാകും. അപേക്ഷകർക്ക് 17 വയസ് പൂർത്തിയായിരിക്കണം. നീറ്റിനു രജിസ്റ്റർ ചെയ്യുന്നവർ കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം ലഭിക്കാൻ കീം (KEAM) പോർട്ടലിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ നോട്ടിഫിക്കേഷൻ അനുസരിച്ച് രജിസ്റ്റർ ചെയ്യണം.