
കൊച്ചി: അടിക്കടിയുണ്ടാകുന്ന മനുഷ്യ- വന്യമൃഗ സംഘർഷം നേരിടാൻ അധികൃതരുടെ പാഴ്‌വാക്കുകൾ ആവർത്തിക്കുമ്പോഴും ജില്ലയിലെ 65 പഞ്ചായത്ത് വാർഡുകൾ വന്യജീവികളുടെ വിഹാരകേന്ദ്രങ്ങളായി. ആനയുടെ ആക്രമണത്തിൽ രണ്ടു ജീവനുകൾ നഷ്‌ടമായതോടെ കടുത്ത ആശങ്കയിലും പ്രതിഷേധത്തിലുമാണ് ജനങ്ങൾ.മുമ്പ് രാത്രികാലങ്ങളിൽ പാത്തുപതുങ്ങി വന്നിരുന്ന കാട്ടാനയും പോത്തുമൊക്കെ ഇപ്പോൾ രാപ്പകൽ ഭേദമില്ലാതെ ജനവാസമേഖലയിൽ മേയുന്നു. വനത്തിലുള്ളതിനേക്കാൾ വന്യജീവികൾ കൃഷിഭൂമിയിലുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വന അതിർത്തിയിൽ ഇറങ്ങി കാർഷികവിളകൾ തിന്നുശീലിച്ച ആനകൾ ക്രമേണ വീട്ടുമുറ്റത്തേക്കും അടുക്കള വാതിൽക്കലുമൊക്കെയെത്തുന്നു. ആദ്യംതന്നെ ഇവയെ തുരത്താൻ സാധിച്ചിരുന്നുവെങ്കിൽ ഈ ദുരവസ്ഥയുണ്ടാകുമായിരുന്നില്ലെന്നാണ് നാട്ടുകാർ പക്ഷം.
അന്നൊക്കെ വനംവകുപ്പിൽ പരാതിപ്പെട്ടാലും ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. ഇപ്പോൾ ആര് വിചാരിച്ചാലും നിയന്ത്രിക്കാനാവാത്തവിധം വന്യജീവിശല്യം രൂക്ഷമായി. നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തുരത്താൻ മാത്രമായി ദ്രുതകർമ്മസേന (ആർ.ആർ.ടി) രൂപീകരിച്ചിട്ടുണ്ടെങ്കിലും പലയിടത്തും വാഹനമില്ല. വാഹനമുള്ള സ്ഥലങ്ങളിൽ ഇന്ധനമുണ്ടാവില്ല. ഇന്ധനവും വാഹനവുമുള്ള സ്ഥലത്ത് ആർ.ആർ.ടിയുമുണ്ടാകില്ല.
പലവട്ടം പരാജയപ്പെട്ട സോളാർ വേലിയുമായാണ് ഇന്നും ആനയെ തടയാൻ ശ്രമിക്കുന്നത്.
ശാശ്വത പരിഹാരമില്ല
1. ഓരോ തവണ നിരപരാധികളുടെ ജീവൻ നഷ്ടമാകുമ്പോഴും ഉയർന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളിൽ നിന്ന് താത്കാലികമായി തലയൂരുക എന്നതിനപ്പുറം പ്രശ്നത്തിൽ ശ്വാശതമായൊരു പരിഹാരമുണ്ടാകുന്നില്ല
2. ലക്ഷങ്ങൾ ചെലവഴിച്ച് വനംവകുപ്പ് നിർമ്മിക്കുന്ന വൈദ്യുതവേലി ഗുണം ചെയ്യുന്നില്ല. വൈദ്യുതി പ്രവാഹമുള്ള വേലിയിലേക്ക് മരം ചവിട്ടിമറിച്ചിട്ട് സർക്യൂട്ട് പൊട്ടിച്ച് ആന നാട്ടിലിറങ്ങും. ഒരിക്കൽ പൊട്ടിച്ച വേലി വീണ്ടും പുന:സ്ഥാപിക്കുന്നില്ല. വേണമെങ്കിൽ പുതിയ കരാർ നൽകി പരാജയപ്പെട്ട പദ്ധതി ആവർത്തിക്കും. ഇതിനുപിന്നിൽ അധികൃതർക്കുള്ള സാമ്പത്തികനേട്ടം ചില്ലറയല്ല.
3. പ്രാദേശികമായ ഭൂമിയുടെ പ്രത്യേകതകൾ കണക്കിലെടുത്ത് ഓരോ സ്ഥലത്തും അനുയോജ്യമായ രീതിയിൽ വേലിയോ കിടങ്ങോ നിർമ്മിച്ചാൽ മാത്രമേ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാനാകൂ.
ആനയേക്കാൾ ശല്യം കുരങ്ങ്
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ 17വാർഡുകളും കീരമ്പാറ പഞ്ചായത്തിലെ 10വാർഡുകളും രൂക്ഷമായ വന്യമൃഗ ഭീഷണിയിലാണ്. അയ്യമ്പുഴയിലെ ഏഴു വാർഡുകളിൽ ആറിടത്ത് ആനയും ഒരു വാർഡിൽ പന്നിയും രണ്ട് വാർഡുകളിൽ പുലിശല്യവും രൂക്ഷമാണ്. പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ വീടിന്റെ മേൽക്കൂരയിലെ ഓടും ഷീറ്റുമൊക്കെ ഇളക്കിമാറ്റി അകത്തുകയറുന്ന കുരങ്ങ് അരിയും വീട്ടുസാധനങ്ങളും മോഷ്ടിക്കുന്നു. കാഴ്ചയ്ക്ക് കൗതുകമുള്ള മയിലും മലയണ്ണാനും പോലും ശല്യമായി തീർന്നുവെന്നതാണ് ജില്ലയുടെ മലയോരമേഖല നേരിടുന്ന പ്രധാനവെല്ലുവിളി.
വന്യമൃഗ ശല്യമുള്ള പ്രദേശങ്ങൾ
കുട്ടമ്പുഴ
കവളങ്ങാട്
പൈങ്ങോട്ടൂർ
കീരംപാറ
പിണ്ടിമന
കോട്ടപ്പടി
അയ്യമ്പുഴ
മലയാറ്റൂർ - നീലീശ്വരം
# മൃഗങ്ങൾ
ആന
പുലി
പോത്ത്
പന്നി
മ്ലാവ്
കുരങ്ങ്
മലയണ്ണാൻ
മയിൽ