ഓഡിറ്റ് റിപ്പോർട്ടിൽ നിന്ന്

1 അധികച്ചെലവ് ₹ 9.48 കോടി

2 ബ്രഹ്മപുരത്തുള്ള മാലിന്യം 10ലക്ഷം ടൺ

3 ബയോമൈനിംഗ് ചെയ്തത് 1.49 ലക്ഷം ടൺ

4 വ്യവസ്ഥകൾ ലംഘിച്ചിട്ടും കോർപ്പറേഷൻ കരാർ കമ്പനിക്ക് ബയോമൈനിംഗ് തുടരാൻ അനുമതി നൽകിയത് വിശദീകരിക്കണം

കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ളാന്റിൽ നടക്കുന്ന ബയോമൈനിംഗിൽ വൻ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട്. തരംതിരിച്ച മാലിന്യം പുറത്തേക്ക് കൊണ്ടുപോകാൻ നൽകിയ അതേ നിരക്കുതന്നെ പദ്ധതി പ്രദേശത്തെ താഴ്ന്ന സ്ഥലങ്ങളിൽ തള്ളുന്നതിനും ഈടാക്കിയതായി സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ സ്പെഷ്യൽ ഓഡിറ്റിൽ കണ്ടെത്തി.

അനുമതിയില്ലാതെ ആരോഗ്യത്തിന് ദോഷകരമായ ലോഹസാന്നിദ്ധ്യം നിറഞ്ഞ മാലിന്യങ്ങൾ പുഴയോരത്ത് തള്ളിയത് അതീവഗുരുതരം. ബയോമൈനിംഗിലൂടെ മാലിന്യം വേർതിരിക്കുന്നത് തൃപ്തികരമാണ്. വേർതിരിച്ച മാലിന്യത്തിന്റെ 80 ശതമാനവും 1.20ലക്ഷം ടൺ (മണ്ണും, കെട്ടിട നിർമ്മാണ അവശിഷ്ടങ്ങളും) താഴ്ന്ന പ്രദേശത്തുതന്നെ തള്ളി. സംസ്ഥാനത്തിന് പുറത്തുള്ള സിമന്റ് ഫാക്ടറികൾക്ക് നൽകിയത് 29,188ടൺ ആർ.ഡി.എഫ് മാത്രമാണ്. 29 ടൺ പുനരുപയോഗത്തിന് നൽകി. 1.20ലക്ഷം ടൺ ഉപയോഗിച്ച് താഴ്ന്ന പ്രദേശങ്ങൾ നികത്തി.

പൂനെ ആസ്ഥാനമായ ഭൂമി ഗ്രീൻ എനർജി പ്രൈവറ്റ് ലിമിറ്റഡിനാണ് ബയോ മൈനിംഗിനുള്ള കരാർ നൽകിയത്. കമ്പനിക്ക് നൽകിയ ആദ്യത്തെ നാലുബില്ലുകൾ ഓഡിറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ.

വേർതിരിച്ച മാലിന്യം പുറത്തുകൊണ്ടുപോയി സിമന്റ് കമ്പനികൾക്ക് നൽകുന്നതിന് ടണ്ണിന് 1690രൂപയാണ് കരാർ. ഇത് രാജ്യത്തെ ഏറ്റവും വലിയ തുകയാണ്. ബ്രഹ്മപുരത്ത് കുഴിച്ചുമൂടിയ മാലിന്യത്തിനും ഗതാഗത നിരക്ക് ഉൾപ്പെടെ ടണ്ണിന് 1690രൂപ തന്നെ നൽകി. ഇതാണ് പ്രധാന നഷ്ടമായി കണക്കാക്കുന്നത്.

ചിത്രപ്പുഴയോടു ചേർന്നുള്ള ബ്രഹ്മപുരം പ്ലാന്റിൽ നിന്ന് തള്ളിയ മാലിന്യത്തിൽ ഈയം സാന്നിദ്ധ്യം അനുവദനീയമായ അളവിലും വളരെ കൂടുതലാണ്. ചിത്രപ്പുഴയിൽ 0.209, 0.34, 7.89, 12.59 എന്നിങ്ങനെയാണ് പലഭാഗങ്ങളിലുള്ള ഈയത്തിന്റെ അളവ്. ഇത് ചിത്രപ്പുഴയിലെ ജലം ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തെ ബാധിക്കും.

ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം ഓഡിറ്റ് റിപ്പോർട്ടിൽ മറുപടി നൽകും. കോർപ്പറേഷനെ സംബന്ധിച്ച് എല്ലാം വ്യക്തമാണ്.

എം. അനിൽകുമാർ

മേയർ