 
മൂവാറ്റുപുഴ: 2024-25 ലെ ഡി. ശ്രീമാൻ നമ്പൂതിരി പുരസ്കാരം 22ന് വൈകിട്ട് 4ന് മൂവാറ്റുപുഴ കബനി പാലസിൽ നടക്കുന്ന ചടങ്ങിൽ ജിലുമോൾ മാരിയറ്റ് തോമസിന് മന്ത്രി എം.ബി.രാജേഷ് സമ്മാനിക്കും. ഇരു കൈകളുമില്ലാത്ത ഒരു പെൺകുട്ടി നേടിയ വിസ്മയകരമായ നൈപുണ്യത്തിനുള്ള അംഗീകാരമായിട്ടാണ് പുരസ്കാര ജേതാവായി ജിലുമോളെ തിരഞ്ഞെടുത്തതെന്ന് അജു ഫൗണ്ടേഷൻ ഡയറക്ടർ ഗോപി കോട്ടമുറിക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരുകൈകളുമില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യ വനിതയാണ് ജിലുമോൾ. ചടങ്ങിൽ അജു ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷനാകും. കെ.എഫ്.ബി അന്ധ വനിത തൊഴിൽ പരിശീലന ഉത്പാദന കേന്ദ്രത്തിന് നൽകുന്ന എബനേസർ ഫൗണ്ടേഷൻ എൻഡോമെന്റ് മുൻ എം.പിയും അജുഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ. സെബാസ്റ്റ്യൻ പോൾ സമ്മാനിക്കും. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ. തമ്പാൻ, ഡോ. ജെ. പ്രസാദ്, അഡ്വ. പി.എം. ഇസ്മായിൽ, രജീഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു.
കവി, സംസ്കൃത പണ്ഡിതൻ, അദ്ധ്യാപകൻ, വിവർത്തകൻ, ബാലസാഹിത്യകാരൻ, എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡി. ശ്രീമാൻ നമ്പൂതിരിയുടെ സ്മരണാർത്ഥം അജു ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ വർഷവും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നവരെയാണ് അവാർഡിനായി തിരഞ്ഞെടുക്കുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അജു ഫൗണ്ടേഷൻ ഈ വർഷം അവയവദാനത്തിന് പ്രധാന്യം കൊടുക്കുന്ന പദ്ധതിക്കാണ് മുൻ തൂക്കം നൽകുന്നത്. നൂറുപേരുടെ അവയവദാന സമ്മതപത്രം ആരോഗ്യ വകുപ്പിന് സമർപ്പിക്കുമെന്ന് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ. തമ്പാൻ, ഡയറക്ടർമാരായ കമാൻഡർ സി.കെ. ഷാജി, അഡ്വ. ടി.എസ്. റഷീദ്, രജീഷ് ഗോപിനാഥ്, അജേഷ് കോട്ടമുറിക്കൽ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.