 
പറവൂർ: ഹെൽത്തി കേരളയുടെ ഭാഗമായി ചിറ്റാറ്റുകര കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യപാനീയ കടകൾ മുതൽ ക്ലിനിക്കുകളിൽ വരെയുള്ള സ്ഥാപനങ്ങളിൽ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്കെതിരെ കോട്പ നിയമപ്രകാരം പിഴ ചുമത്തി. പൊതുജനാരോഗ്യ നിയമ പ്രകാരം ന്യൂനതകളുള്ള സ്ഥാപനങ്ങൾക്ക് ലീഗൽ നോട്ടീസ് നൽകി. സ്ഥാപനത്തിൽ പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങൾ, ജീവനക്കാരുടെ വ്യക്തിശുചിത്വം, ഹെൽത്ത്കാർഡ്, പുകയില നിയന്ത്രണ മുന്നറിയിപ്പ്, ശാസ്ത്രീയമായ സംസ്കരണം എന്നിവ മുൻനിർത്തിയായിരുന്നു പരിശോധന. ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. ആന്റണി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി. രാധിക, അരുൺ സാഗർ, ദീപ്തി ദിലീപൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.