 
അങ്കമാലി: കമ്പ്യൂട്ടർവത്കരിച്ച അങ്കമാലി നഗരസഭാ ഗ്രന്ഥശാല റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷനായി. പതിനയ്യായിരത്തോളം പുസ്തകങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തിരഞ്ഞെടുക്കാൻ അംഗങ്ങൾക്ക് കഴിയുംവിധം ചിട്ടപ്പെടുത്താനും മറ്റ് ഗ്രന്ഥശാലകളിലെ ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങൾ ഇന്റർനെറ്റിന്റെ സഹായത്തോടെ ഇവിടത്തെ അംഗങ്ങൾക്ക് വായിക്കുവാൻ കഴിയുന്ന തരത്തിൽ ഗ്രന്ഥശാലയെ മാറ്റിയെടുക്കാനുള്ള പദ്ധതിക്കും മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട് . ഗ്രന്ഥശാലയിലെ ആദ്യകാല അംഗങ്ങളായ എ.എസ്. ഹരിദാസ്, പി.സി. സാമുവൽ എന്നിവർക്ക് ഡിജിറ്റൽ അംഗത്വ കാർഡും പുസ്തകവും കമ്പ്യൂട്ടറിന്റെ സഹായത്തോടെ നൽകികൊണ്ടായിരുന്നു ഉദ്ഘാടനം. സാങ്കേതിക വിദഗ്ദ്ധയായ കെ. ഉമാദേവിയുടെയും ലൈബ്രേറിയനായ എം.പി. സേതുമാധവന്റെയും നേതൃത്വത്തിലാണ് കമ്പ്യൂട്ടർവതകരണം നടത്തിയത്. ഉദ്ഘാടന യോഗത്തിൽ നഗരസഭ ഉപാദ്ധ്യക്ഷ സിനി മനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജിത ഷിജോയ്, കെ.പി. പോൾ ജോവർ, ജാൻസി അരിയ്ക്കൽ, ജെസ്മി ജിജോ, ലക്സി ജോയ്, ജില്ലാ ആസൂത്രണ സമിതി അംഗം റീത്ത പോൾ, മുൻ ചെയർമാന്മാരായ റെജി മാത്യു, അഡ്വ. ഷിയോ പോൾ , ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എ.വി. രഘു , കൗൺസിലർമാരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, റോസിലി തോമസ്, ഷൈനി മാർട്ടിൻ, സന്ദീപ് ശങ്കർ, കില റിസോഴ്സ് പേഴ്സൺ പി. ശശി എന്നിവർ പ്രസംഗിച്ചു. നഗരസഭ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ പദ്ധതി വിശദീകരണം നടത്തി.