തെക്കൻപറവൂർ: 200-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം വക ശ്രീനാരായണപുരം വേണുഗോപാല ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 22 മുതൽ 29 വരെ യജ്ഞാചാര്യൻ തിരുനക്കര മധുസൂദന വാര്യരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രാങ്കണത്തിൽ നടത്തും. 22ന് വൈകിട്ട് 4ന് പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിൽനിന്ന് യജ്ഞശാലയിൽ പ്രതിഷ്ഠിക്കുവാനുള്ള വിഗ്രഹം ഏറ്റുവാങ്ങും. വാദ്യമേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തും. വിഗ്രഹ പ്രതിഷ്ഠാചടങ്ങിന് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ വി.ജി. രവീന്ദ്രൻ മുഖ്യാതിഥിയാകും. ശാഖായോഗം പ്രസിഡന്റ് അജീഷ് ശാസ്താംപറമ്പിൽ അദ്ധ്യക്ഷനാകും. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ദീപം പ്രകാശിപ്പിക്കും. ക്ഷേത്രം തന്ത്രി ജിതിൻ ഗോപാലൻ അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ ക്ഷേത്രം ഭാരവാഹികളായ രാജേഷ് കെ.ടി, എൽ. സന്തോഷ്, എ.ഡി. ഉണ്ണിക്കൃഷ്ണൻ, കെ.എൻ. രഘുലാൽ, അശോകൻ ടി.ബി, സി.കെ. സജീവൻ, ടി.പി. ശ്രീവത്സൻ, അരുൺരാജ്, എ.കെ. മുരളീധരൻ ശാന്തി എന്നിവർ പ്രസംഗിക്കും. ശാഖായോഗം സെക്രട്ടറി കെ.ജി. നോബി സ്വാഗതവും വൈസ് പ്രസിഡന്റ് ഇ.കെ. അജീഷ് നന്ദിയും പറയും.