കൊച്ചി: സിറോമലബാർ സഭ അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കാൻ തയ്യാറാകാത്ത എറണാകുളം അങ്കമാലി അതിരൂപതയിലെ നാലു വികാരിമാർക്ക് ആരാധനാവിലക്ക് ഏർപ്പെടുത്തി. പള്ളികളുടെ ഭരണച്ചുമതലയിൽ നിന്ന് ഇവരെ നീക്കി.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അഡ്മിനിസ്‌ട്രേറ്റർ ഫാ. വർഗീസ് മണവാളൻ, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. ജോഷി വേഴപറമ്പിൽ, പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് വികാരി ഫാ. തോമസ് വാളൂക്കാരൻ, മാതാനഗർ വേളാങ്കണ്ണിമാതാ വികാരി ഫാ. ബെന്നി പാലാട്ടി എന്നിവരെയാണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ബോസ്‌കോ പുത്തൂർ ഒഴിവാക്കിയത്. ഇവർ പള്ളികളിൽ താമസിക്കുന്നതും, ആത്മീയവും അജപാലനപരവുമായ ചുമതലകൾ നിർവഹിക്കുന്നതും കുർബാന ഉൾപ്പെടെ ആരാധനകൾ അർപ്പിക്കുന്നതും വിലക്കി. അഡ്മിനിസ്ട്രേറ്റർമാർക്ക് പള്ളികളുടെ ചുമതല നൽകി.
തൃക്കാക്കര വിജോഭവൻ, പൊതി സാന്തോംഭവൻ, കലൂർ റിന്യൂവൽ സെന്റർ എന്നിവിടങ്ങളിലേക്ക് മാറിത്താമസിക്കാൻ ഈ വൈദികരോട് നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശനമായ സഭാനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നൽകി.