കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഔചിത്യമില്ലാതെ പെരുമാറിയ കേന്ദ്രസർക്കാരിനും മലബാർ മേഖലയിൽ അശാസ്ത്രീയമായി തദ്ദേശ വാർഡ് വിഭജനം നടത്തിയ സംസ്ഥാന സർക്കാരിനും ഹൈക്കോടതിയിൽ തിരിച്ചടി.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ ദുരിതാശ്വാസ പദ്ധതികൾ എങ്ങുമെത്താതിരിക്കേ, മുൻകാല രക്ഷാപ്രവർത്തനത്തിന്റെയടക്കം തുക ചോദിച്ചതിനാണ് കേന്ദ്രത്തിന് രൂക്ഷ വിമർശനം.

രണ്ടുമാസം മുമ്പ് മലബാർ മേഖലയിലെ എട്ട് മുനിസിപ്പാലിറ്റികളിലെയും ഒരു പഞ്ചായത്തിലെയും വാർഡുകൾ വിഭജിച്ച് എണ്ണം കൂട്ടിയതാണ് ഹൈക്കോടതി റദ്ദാക്കിയത്.

ദുരന്തമുണ്ടാകുമ്പോൾ പഴയ കണക്കുകൾ പറയുന്നത് എന്ത് മനോഭാവമാണെന്ന് ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് വാക്കാൽ ചോദിച്ചു.

രക്ഷാദൗത്യത്തിന് ഹെലികോപ്ടർ ഉപയോഗിച്ച വകയിൽ 132.61 കോടി രൂപയുടെ ബില്ലാണ് സംസ്ഥാനത്തിന് നൽകിയത്. 13 കോടിയാണ് വയനാട്ടിനായി ചെലവായത്. ബാക്കി തുക 2006 മുതൽ 2021 മേയ് വരെയുള്ള കുടിശികയാണ്.

ദുരിതാശ്വാസ പദ്ധതികൾക്ക് തുക ചെലവഴിക്കാൻ ദുരന്തനിവാരണ ചട്ടങ്ങളിൽ ഇളവുകൾ നൽകുന്നതിലടക്കം കേന്ദ്രം മറുപടി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയയ്‌ക്കുമെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. പകർപ്പും ഹാജരാക്കി. ഇന്നലെത്തന്നെ അയയ്‌ക്കാൻ കോടതി നിർദ്ദേശിച്ചു.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ചെലവായതിന്റെയും ബാക്കിയുള്ള തുകയുടെയും കണക്ക് കേന്ദ്രത്തിന് നൽകിയെന്ന് അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. ഹർജി അടുത്തമാസം 10ന് പരിഗണിക്കും.

സംസ്ഥാന ഫണ്ടിൽ

ബാക്കി 61.03 കോടി

ഡിസംബർ 10 വരെയുള്ള കണക്കനുസരിച്ച് 700.5 കോടി രൂപ എസ്.ഡി.ആർ.എഫിലുണ്ടെങ്കിലും പദ്ധതികൾക്കായി നീക്കിവച്ചശേഷം ബാക്കിയുള്ളത് 61.03 കോടിയാണ്. കേന്ദ്രം നൽകിയ ബില്ലിലെ 2021 മേയ് വരെയുള്ള കുടിശിക അടയ്ക്കാൻ സാവകാശം ലഭിച്ചാൽ 120 കോടി രൂപ വിനിയോഗിക്കാനാകും. അതുൾപ്പെടെ പുനരധിവാസത്തിന് 181.03 കോടിയാകുമെന്നും സർക്കാർ അറിയിച്ചു.

നിലവിലെ വിഭജനവും

കോടതി കയറാം

പാനൂർ, മട്ടന്നൂർ, മുക്കം, പയ്യോളി, ഫറോഖ്, കൊടുവള്ളി, ശ്രീകണ്ഠാപുരം, പട്ടാമ്പി നഗരസഭകളിലെയും പടന്ന പഞ്ചായത്തിലെയും വാർഡ് വിഭജനമാണ് ജസ്റ്റിസ് സി.പി. മുഹമ്മ‌ദ് നിയാസ് റദ്ദാക്കിയത്. അശാസ്ത്രീയമാണെന്നു ചൂണ്ടിക്കാട്ടി യു.ഡി.എഫ് പ്രവർത്തകർ നൽകിയ ഹർജികളിലാണ് നടപടി. ഇപ്പോൾ നടന്നുവരുന്ന വാർഡ് വിഭജനവുമായി ബന്ധപ്പെട്ടും വ്യാപക പരാതിയാണ്. വോട്ടിനായി വെട്ടിമാറ്റിയെന്നും കൂട്ടിച്ചേർത്തെന്നുമാണ് ഡി ലിമിറ്റേഷൻ കമ്മിഷന് മുന്നിലെത്തിയ പരാതികളിലേറെയും. വിഭജനം പൂർത്തിയാകുമ്പോൾ അതും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം.

2011ലെ സെൻസസ് അടിസ്ഥാനമാക്കി സംസ്ഥാന വ്യാപകമായി 2015ൽ വാർഡ് വിഭജനം നടത്തിയിരുന്നു. ഇതേ സെൻസസ് ആധാരമാക്കി വീണ്ടും പുനർനിർണയം നടത്തിയത് മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിലെ വകുപ്പ് 6(2)ന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അടുത്തിടെ നടപ്പാക്കിയ നിയമഭേദഗതികൾ ഈ തദ്ദേശസ്ഥാപനങ്ങളുടെ കാര്യത്തിൽ നിലനിൽക്കില്ല.സെപ്തംബർ 10ന് ഇറക്കിയ വിജ്ഞാപനവും സെപ്തംബർ 24ലെ ഡീലിമിറ്റേഷൻ കമ്മിഷന്റെ മാർഗരേഖയും അസാധുവാക്കി. പുതിയ സെൻസസ് അടുത്തവർഷം നടത്തുമെന്നിരിക്കേ, പുനർനിർണയം നടത്തിയതിനെയും ഹർജിക്കാർ ചോദ്യം ചെയ്തു. ഈ മുനിസിപ്പാലിറ്റികൾ 2015ലാണ് നിലവിൽ വന്നതെന്ന് സർക്കാർ വാദിച്ചു.