angamali

കൊച്ചി: എറണാകുളം അതിരൂപതയിലെ നാലു വൈദികരെ വികാരി സ്ഥാനത്തു നീക്കി ആരാധനാ വിലക്ക് ഏർപ്പെടുത്തിയത് സഭാനിയമങ്ങളും സിവിൽ നിയമങ്ങളും ലംഘിച്ചാണെന്ന് വൈദികർ ആരോപിച്ചു. നടപടിയെ അനുകൂലിച്ചും എതിർത്തും വിശ്വാസികൾ രംഗത്തെത്തി.

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്‌മസ് നാളുകളിൽ ഇടവകകളിലെ ശാന്തമായ അന്തരീക്ഷം തകർക്കാനാണ് ബോസ്‌കോ പുത്തൂരും അതിരൂപതാ ഭരണസമിതിയും ശ്രമിക്കുന്നതെന്ന് വൈദിക സംഘടനയായ അതിരൂപത സംരക്ഷണ സമിതി ആരോപിച്ചു.
ബോസ്‌കോയുടെ ഉത്തരവുകളിൽ നീതി നിഷേധിക്കുന്നതായതിനാൽ അനുസരിക്കാൻ വൈദികർക്കോ വിശ്വാസികൾക്കോ ബാദ്ധ്യതയില്ലെന്ന് സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു. വൈദികർ നിലവിലെ പള്ളികളിൽ തുടരാനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
 കലാപം സൃഷ്ടിക്കാൻ ശ്രമം
എറണാകുളം ബസിലിക്കയിലും അതിരൂപതയിലെ ഇടവകളിലും കലാപം സൃഷ്ടിക്കാനും സമാധാനാന്തരീക്ഷം തകർക്കാനും സഭാനേതൃത്വം നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഉത്തരവെന്ന് അൽമായ മുന്നേറ്റം കൺവീനർ ഷൈജു ആന്റണിയും വക്താവ് റിജു കാഞ്ഞൂക്കാരനും ആരോപിച്ചു.

 മുന്നറിയിപ്പെന്ന് സഭാ സമിതി

വിമതപ്രവർത്തനം നടത്തുന്ന വൈദികർക്കുള്ള മുന്നറിയിപ്പാണ് നടപടിയെന്ന് സംയുക്ത സഭാ സമിതി പറഞ്ഞു. കൂദാശ വിലക്ക് മൂലം കുടുംബത്തിൽ പോലും ചെയ്യാൻ സാധിക്കാതെ വരും. അഞ്ചുപേർ കൂദാശവിലക്കും സസ്‌പെൻഷനുമായി കഴിയേണ്ട അവസ്ഥയിൽ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.