വൈപ്പിൻ: നായരമ്പലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിലെ സാമ്പത്തിക ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്തിന്റെ പരാതിപ്രകാരം ഞാറക്കൽ പൊലീസ് എടുത്ത കേസ് അപൂർണമാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. സി.ഡി.എസിന്റെ വരവ് ചെലവ് കണക്കുകളുടെ പൂർണ ഉത്തരവാദിത്വമുള്ള സി.ഡി.എസ് മെമ്പർ സെക്രട്ടറിയായ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ പ്രതി ചേർത്തിട്ടില്ല. എന്നാൽ മുൻ മെമ്പർ സെക്രട്ടറിയെ പ്രതിയാക്കിയിട്ടുമുണ്ട്.
ക്രമക്കേടിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റിന്റെ സമീപം നിന്നിരുന്നത് കേസിലെ ഒമ്പതാം പ്രതിയാണ്. ഇവർ ഉൾപ്പെടെ കേസിലെ ചില പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണ്. ബി.ജെ.പി. പ്രവർത്തകരും പ്രതിപ്പട്ടികയിലുണ്ട്. 20.62 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പഞ്ചായത്തിന്റെ നിലപാടെങ്കിലും കേസിനാസ്പദമായ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ 6.47 ലക്ഷം രൂപയുടെ ക്രമക്കേടെന്നാണ് പറഞ്ഞിട്ടുള്ളത്. സി.ഡി.എസിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ പഞ്ചായത്ത് ഭരണസമിതിക്ക് ഉത്തരവാദിത്വമുണ്ടെന്നും സി.പി.എം ആരോപിച്ചു.
ക്രമക്കേടിന്റെ ഉത്തരവാദിത്വം അന്നത്തെ അക്കൗണ്ടന്റ് ഏറ്റിരുന്നുവെന്നും ഇക്കാര്യത്തിലും അന്വേഷണം വേണമെന്നും സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ.ബാബു, അഡ്വ. സുമോദ്, സുമേഷ്, ബിന്ദു എന്നിവർ പത്ര സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.