സുപ്രീംകോടതിയെ സമീപിക്കും
കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനു നൽകിയതിനെതിരെ മക്കളായ ആശയും സുജാതയും നൽകിയ അപ്പീലുകൾ ഹൈക്കോടതി തള്ളി. മെഡിക്കൽ പഠനത്തിന് നൽകിയ സിംഗിൾബെഞ്ച് വിധി ശരിവച്ചാണ് ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ഹൈക്കോടതി വിധിതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആശ ലോറൻസ് പറഞ്ഞു.
എറണാകുളം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്നായിരുന്നു പെൺമക്കളുടെ ആവശ്യം. മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകാനുള്ള സഹോദരൻ എൽ.എൽ. സജീവന്റെ തീരുമാനത്തെയാണ് ഇവർ ചോദ്യം ചെയ്തത്. കുടുംബത്തിൽ മുമ്പ് നടന്ന എല്ലാ ചടങ്ങുകളും ക്രൈസ്തവ മതാചാരപ്രകാരമായിരുന്നെന്നും വാദിച്ചു.
മൃതദേഹം പഠനത്തിന് വിട്ടു നൽകണമെന്ന് മരണത്തിന് മുമ്പ് പിതാവ് പറഞ്ഞിരുന്നെന്നാണ് സജീവൻ വാദിച്ചത്. ഇതിന് സാക്ഷികളെയും ഹാജരാക്കിയിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കാൻ മുതിർന്ന അഭിഭാഷകനെ കോടതി മദ്ധ്യസ്ഥനായി നിയോഗിച്ചെങ്കിലും ചർച്ച പരാജയമായിരുന്നു. സെപ്തംബർ 21നായിരുന്നു ലോറൻസിന്റെ മരണം.