 
കൊച്ചി: നാവിക സേനയ്‌ക്കായി നിർമ്മിക്കുന്ന, കടലിനടിയിലും നിരീക്ഷണശേഷിയുള്ള ആറാമത്തെ കപ്പലിന്റെ കീലിടൽ കൊച്ചി കപ്പൽശാലയിൽ ദക്ഷിണ നാവികത്താവളം ചീഫ് സ്റ്റാഫ് ഓഫീസർ റിയർ അഡ്മിറൽ സതീഷ് ഷേണായിയുടെ സാന്നിദ്ധ്യത്തിൽ നടന്നു.
കപ്പൽശാല ഡയറക്ടർ ശ്രീജിത്ത് കെ. നാരായണൻ, എക്‌സിക്യുട്ടീവ് ഡയറക്‌ടർമാരായ രാജേഷ് ഗോപാലകൃഷ്ണൻ, എസ്. ഹരികൃഷ്ണൻ, കമ്മഡോർ എസ്. പാർത്ഥിബൻ, കമ്മഡോർ ജി.എസ്. സിദ്ധു തുടങ്ങിയവർ പങ്കെടുത്തു.
പ്രതിരോധ മന്ത്രാലയവും കപ്പൽശാലയും 2019ൽ ഒപ്പുവച്ച കരാർ പ്രകാരം എട്ട് കപ്പലുകൾ നിർമ്മിക്കുന്നതിൽ ആറാമത്തേതാണിത്. അഭയ് ക്ലാസ് കപ്പലുകൾക്ക് പകരമാണ് മാഹി ക്ലാസ് കപ്പലുകൾ നിർമ്മിക്കുന്നത്.
25 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള കപ്പലുകളിൽ വെള്ളത്തിനടിയിലുള്ള നിരീക്ഷണത്തിനായി തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക സോണാറുകളും ഘടിപ്പിക്കും. ആത്മനിർഭർ ഭാരതിന് കീഴിൽ ഉയർന്ന സാങ്കേതികതയുള്ള യുദ്ധക്കപ്പലുകൾ നിർമ്മിക്കാനുള്ള ഇന്ത്യൻ ശേഷിയുടെയും വൈദഗ്ദ്ധ്യത്തിന്റെയും ഉദാഹരണമാണിതെന്ന് കപ്പൽശാല അറിയിച്ചു. അഞ്ചു കപ്പലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. സാങ്കേതിക സംവിധാനങ്ങൾ ഘടിപ്പിക്കുന്നത് തുടരുകയാണ്. ആദ്യ കപ്പൽ 2025 മാർച്ചിൽ കൈമാറാനാണ് ലക്ഷ്യമിടുന്നത്.