 
കാക്കനാട്: തൃക്കാക്കര നഗരസഭയും വ്യവസായ വാണിജ്യ വകുപ്പ്, കണയന്നൂർ താലൂക്കും സംയുക്തമായി കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ചേർന്ന സംരംഭകസഭയിൽ വോക്കൽ ലോക്കൽ കേരള ഫോറത്തിന്റെ പ്രതിഷേധം. നഗരസഭ തെങ്ങോട് നിർമ്മിച്ച വനിതാ വ്യവസായ കേന്ദ്രം നിർമ്മാണം പൂർത്തിയായിട്ടും തുറന്നു കൊടുക്കാത്തതിൽ ഫോറം ചെയർപേഴ്സൺ സി.വി. സജനിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നിർമ്മാണം പൂർത്തീകരിച്ച് 12 വർഷം പിന്നിട്ടെങ്കിലും ഇതുവരെ സ്ത്രീകൾക്ക് യാതൊരു പ്രാധാന്യവും നൽകിയിട്ടില്ലെന്നും നൂറുകണക്കിന് സ്ത്രീകൾ സ്വയം തൊഴിൽ ചെയ്യുവാനുള്ള അപേക്ഷ കൊടുത്തിരിക്കുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ ഈ അനാസ്ഥയെന്നും അവർ പറഞ്ഞു. നഗരസഭയുടെ വനിതാ വാണിജ്യ കേന്ദ്രം എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി.