കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൊച്ചി നഗരസഭ 3932 അനധികൃത പരസ്യ ബോർഡുകളും 125 ബാനറുകളും നീക്കം ചെയ്തു. ആറ് സ്ക്വാഡുകളാണ് ബോർഡുകൾ നീക്കാൻ ഇറങ്ങിയത്.

സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും സ്ഥാപിച്ചിരുന്ന ബോർഡുകളും ബാനറുകളുമാണ് നാല് ദിവസംകൊണ്ട് നീക്കിയത്. സ്ഥാപനങ്ങൾക്ക് നോട്ടീസ് കൊടുക്കാനുള്ള നടപടികളും സ്വീകരിച്ചു.

സ്ഥാപനങ്ങളിലെ അനധികൃത പരസ്യബോർഡുകൾ നീക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥർക്ക് എതിർപ്പ് നേരിടേണ്ടി വന്നു. പൊലീസിന്റെ സംരക്ഷണത്തിലാണ് ഇവ നീക്കിയത്.

നിയമലംഘകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള കത്ത് നഗരസഭ പൊലീസിന് കൈമാറി. പിടിച്ചെടുത്ത പരസ്യ ബോർഡുകളും ബാനറുകളും നഗരസഭ താത്കാലികമായി സൂക്ഷിക്കും. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. വരുംദിവസങ്ങളിൽ ശേഷിക്കുന്ന ബോർഡുകളും നീക്കുമെന്നും ബോർഡ് ഒന്നിന് 5000 രൂപ വീതം പിഴയീടാക്കുമെന്നും നഗരസഭ സെക്രട്ടറി പി.കെ. സുഭാഷ് അറിയിച്ചു.