a

കൊച്ചി: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും തോരണത്തിനും 5,000 രൂപവീതം പിഴ ചുമത്തണമെന്നും ഇല്ലെങ്കിൽ ഈ തുക അതത് തദ്ദേശ സെക്രട്ടറിമാരിൽ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഇതടക്കം കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു.

കുറ്റക്കാർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. വീഴ്ച വരുത്തിയാൽ സ്റ്റേഷൻ ഓഫീസർ വിശദീകരണം നൽകണം. ഇതുസംബന്ധിച്ച് പൊലീസ് മേധാവി ഏഴു ദിവസത്തികം സർക്കുലർ പുറപ്പെടുവിക്കണം. ബോർഡുകൾ നീക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ചു. സർക്കുലറുകൾ തുടർന്നും ബാധകമാണെന്നും കോടതി വ്യക്തമാക്കി.
ഒരു ലക്ഷത്തോളം ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്‌തെന്ന് ഓൺലൈനിൽ ഹാജരായ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അറിയിച്ചു. സർക്കാർ നടപടി തുടരുമെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം. ചെറിയാൻ വിശദീകരിച്ചു.

തലസ്ഥാനത്ത്

നീക്കിയത് 9 ടൺ
അനധികൃത ബോർഡുകൾ നീക്കിയതിലൂടെ തിരുവനന്തപുരത്ത് മാത്രം ലഭിച്ചത് ഒമ്പത് ടൺ മാലിന്യം. ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുമെന്നും പ്ലാസ്റ്റിക് പുനരുപയോഗിക്കാനുള്ള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുമെന്നും ഡോ. ഷർമ്മിള അറിയിച്ചു. ഇതിന് ഭീമമായ സംഖ്യ വേണ്ടിവരില്ലേയെന്ന് ചോദിച്ച കോടതി, ചെലവുകൾ കുറ്റക്കാരിൽനിന്ന് ഈടാക്കാൻ നിർദേശിച്ചു. കൃത്യമായി പിഴ ചുമത്തിയിരുന്നെങ്കിൽ സർക്കാരിന് നൂറുകോടി രൂപവരെ കിട്ടുമായിരുന്നു. കാഴ്ച മറയ്ക്കുന്ന ബോർഡുകൾ എത്ര അപകടങ്ങൾക്കാണ് കാരണമാകുന്നത്. ഏറ്റവും മനോഹരമായ ഒരു തലസ്ഥാനനഗരത്തിന്റെ അവസ്ഥയാണിത്. ചെറിയ സംസ്ഥാനമായ കേരളത്തിന് താങ്ങാവുന്നതിലപ്പുറമാണിത്.

കാലംമാറിയിട്ടും ഫ്ളക്സ് ബോർഡ്!

# വിവാഹ ക്ഷണക്കത്ത് ഉൾപ്പെടെ വാട്‌സാപ്പിൽ വരുന്നകാലത്ത് ഫ്‌ളക്‌സ് ബോർഡുകൾ ആരാണ് നോക്കുന്നതെന്ന് ഹൈക്കോടതി. മാറി ചിന്തിച്ചില്ലെങ്കിൽ നാട് മാലിന്യക്കൂമ്പാരമാകും. എന്തുമാകാമെന്ന ധാർഷ്ട്യം രാഷ്ട്രീയകക്ഷികൾക്ക് പാടില്ല. സർക്കാരിനും പാർട്ടികൾക്കും ഭരണനിർവഹണ സംവിധാനങ്ങൾക്കും ഒരേലക്ഷ്യത്തിനായി പ്രവർത്തിക്കാൻ കഴിയണം. പക്ഷേ, അവർ തെറ്റുചെയ്താലോ? - ദാർശനികനായ അരിസ്റ്റോട്ടിലിനെ ഉദ്ധരിച്ചായിരുന്നു കോടതിയുടെ പരാമർശം.


# ഏത് രാഷ്ട്രീയ പാർട്ടിയായാലും, കോടതി ഉത്തരവുകളെയും നിർദ്ദേശങ്ങളെയും കൂലിത്തല്ലുകാരെ വച്ച് നേരിടാൻ ശ്രമിച്ചാൽ കോടതിക്ക് അത് കൂടുതൽ കരുത്തുപകരുമെന്ന് തിരിച്ചറിയണം. കോടതി ഒന്നിനെയും വ്യക്തിപരമായല്ല കാണുന്നത്. പൊതുനന്മമാത്രമാണ് ആഗ്രഹിക്കുന്നത്.