road
കുറിച്ചിലക്കോട് -കോടനാട് പാലം അപ്രോച്ച്റോഡ് തകർന്ന നിലയിൽ

പെരുമ്പാവൂർ: കുറിച്ചിലക്കോട് ജംഗ്ഷൻ മുതൽ മലയാറ്റൂർ പാലം വരെയുള്ള തകർന്ന അപ്രോച്ച് റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താൻ പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശിച്ചു. ഉടൻ പ്രവൃത്തികൾ തുടങ്ങുമെന്ന് പി.ഡബ്ല്യു.ഡി എൻജിനിയർ അറിയിച്ചു. സി.പി.എം ഏരിയ സെക്രട്ടറി സി.എം. അബ്ദുൾ കരീം, ലോക്കൽ സെക്രട്ടറി ഒ.ഡി. അനിൽ, പി. ശിവൻ, വിപിൻ കോട്ടേക്കുടി എന്നിവർ മന്ത്രിയ്ക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. കാലടിയിൽ ഗതാഗതക്കുരുക്ക് വന്നതോടെ മലയാറ്റൂർ കോടനാട് പാലം വഴിയാണ് ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നത്. കോതമംഗലം, മൂവാറ്റുപുഴ, ആലുവ ഭാഗങ്ങളിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ കടന്നുപോകാൻ എളുപ്പ വഴിയായതിനാൽ കുറിച്ചിലക്കോട് ജംഗ്ഷനിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്മസ്, പുതുവത്സരാഘോഷം എന്നിവ പ്രമാണിച്ച് മലയാറ്റൂർ നക്ഷത്ര തടാകത്തിലേക്ക് സന്ദർശകരുടെ തിരക്കായതോടെ കുറിച്ചിലക്കോട് ജംഗ്ഷനിൽ റോഡ് തകർന്ന് കിടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടങ്ങി. റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. ബെന്നി ബഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയതെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു.