
കൊച്ചി: ചെറുപ്രായത്തിൽ പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരിവിപണിയെന്ന് നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച മണി കോൺക്ലേവിൽ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. സാമ്പത്തിക സാക്ഷരത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിച്ചു. ഫിൻഗ്രോത്ത് സ്ഥാപകൻ കാനൻ ബെഹൽ, ഫിനി സഹസ്ഥാപകൻ രോഹിത് തുതേജ, പെൻറാഡ് സെക്യൂരിറ്റീസ് സി.ഇ.ഒ നിഖിൽ ഗോപാലകൃഷ്ണൻ, സ്റ്റാർട്ടപ്പ് കൺസൽട്ടന്റ അഭിജിത്ത് പ്രേമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വലിയ ലാഭം പ്രതീക്ഷിച്ച് ചെറുപ്പക്കാരും മദ്ധ്യവയസ്‌ക്കരും ഓഹരിവിപണിയിൽ ഇടപെടലുകൾ നടത്തുന്നത് അപകടരമായ പ്രവണതയാണെന്ന് നിഖിൽ ഗോപാലകൃഷ്‌ണൻ പറഞ്ഞു. ജോലിയിൽ നിന്നുള്ള വരുമാനം വഴി കൃത്യമായ നിക്ഷേപമുണ്ടാക്കി മൂലധന സ്വരൂപണമാണ് നിക്ഷേപകരാകാൻ താത്പര്യമുള്ളവർ ആദ്യം ചെയ്യേണ്ടതെന്ന് വിദഗ്ദ്ധർ പറഞ്ഞു.