മൂവാറ്റുപുഴ: നഗരസഭ പേട്ട വാർഡിലെ മണ്ണാൻകടവ് റോഡിലെ തോട് പുറമ്പോക്ക് ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ ജില്ലാകളക്ടർ ഉത്തരവിട്ടിട്ടും സ്ഥലം അളന്നുതിരിച്ച് കല്ലിടുന്നതിന് മാറാടി വില്ലേജിന്റെ ചുമതലയുള്ള താലൂക്ക് സർവേയർ തയ്യാറാകുന്നില്ലെന്ന പരാതി. ആരക്കുഴറോഡിൽ നിന്ന് പേട്ട അങ്കണവാടിയിലേക്ക് പോകുന്ന വഴിയിലെ തോട് പുറമ്പോക്ക് കൈയേറ്റമാണ് ഒഴിപ്പിക്കേണ്ടത്. ഇതിന് നഗരസഭ സെക്രട്ടറിക്ക് അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവിട്ടിട്ട് നാളുകൾ പിന്നിട്ടു.

മഴപെയ്താൽ തോട്ടിലൂടെ വെള്ളം നിറഞ്ഞൊഴുകി സമീപവാസികൾക്ക് കാൽ നടയാത്രപോലും ദുസഹമാണ് . ഇത് ചൂണ്ടികാട്ടി വാർഡ് കൗൺസിലർ ജാഫർസാദിക്ക് നഗരസഭ സെക്രട്ടറിക്ക് നൽകിയ പരാതിയെ തുടർന്ന് താലൂക്ക് ഭൂരേഖ തഹസീൽദാർക്ക് നഗരസഭ സെക്രട്ടറി അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ സെപ്തംബർ 3 ന് താലൂക്ക് സർവേയർ സ്ഥലത്തെ തോട് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി പ്ലാനും സ്കെച്ചും റിപ്പോർട്ടും നഗരസഭ സെക്രട്ടറിക്ക് നൽകി. ഇത് സഹിതമാണ് ജില്ലാകളക്ടർക്ക് അപേക്ഷ നൽകിയത്. എന്നാൽ താലൂക്ക് സർവേയറുടെ റിപ്പോർട്ടിൽ ഒരു സ്വകാര്യ വ്യക്തി പുറമ്പോക്ക് കൈയേറിയതിന്റെ യഥാർത്ഥ അളവ് കാണിച്ചിരുന്നില്ല. ഈ സ്ഥലം റീ സർവേ നടത്താൻ ജില്ലാ സർവേ സൂപ്രണ്ടിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് നടപടികൾ സ്വീകരിക്കാൻ താലൂക്ക് സർവേയറോട് നിരവധി തവണ നഗരസഭസെക്രട്ടറി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ജാഫർ സാദിക്ക് പറഞ്ഞു.