നെടുമ്പാശേരി: ചെറുപ്രായത്തിൽ പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണിയെന്ന് നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച മണി കോൺക്ലേവ് 2024 ദ്വിദിന ഉച്ചകോടിയിൽ പങ്കെടുത്ത വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. സാമ്പത്തിക സാക്ഷരത സംസ്ഥാനത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. ഇതിനായി സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണ്. പതിനായിരത്തോളം പ്രതിനിധികളാണ് പങ്കെടുത്തത്.
സമ്പത്തുണ്ടാക്കി നേരത്തെ വിരമിക്കുന്ന രീതി എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഫിൻഗ്രോത്ത് സ്ഥാപകൻ സി.എ. കാനൻ ബെഹൽ, ഫിനി സഹസ്ഥാപകൻ രോഹിത് തതേജ, പെന്റാഡ് സെക്യൂരിറ്റീസ് സി.ഇ.ഒ നിഖിൽ ഗോപാലകൃഷ്ണൻ, സ്റ്റാർട്ടപ്പ് കൺസൽട്ടന്റ് സി.എ. അഭിജിത്ത് പ്രേമൻ എന്നിവർ പങ്കെടുത്തു. ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ഷെയർഖാൻ ഇൻഡിപെൻഡന്റ് ഡയറക്ടർ അർജുൻ മോഹൻ, ഐ.ഐ.സി ലക്ഷ്യ എം.ഡി ഓർവെൽ ലയണൽ, ഫിൻക്യു സ്ഥാപകൻ ഇബ്‌നു ജാല എന്നിവർ സംസാരിച്ചു. പ്രൊഫൈൽ ബിസിനസ് സൊല്യൂഷൻസ് സഹസ്ഥാപക ഡോ. നെസ്രീൻ മിഥിലാജ് മോഡറേറ്ററായിരുന്നു.
വിവിധ മേഖലകളിൽ രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ചർച്ച നടക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പത്ത് സ്റ്റാർട്ടപ്പുകൾക്ക് ഉച്ചകോടിയിൽ തങ്ങളുടെ ഉത്പന്നം അവതരിപ്പിക്കാനുള്ള അവസരമുണ്ട്. പതിനായിരം ഡോളറാണ് ഇതിൽ മികച്ച സ്റ്റാർട്ടപ്പിന് ലഭിക്കുന്നത്. നൂറ് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഐഡിയാത്തണും നടക്കും. മികച്ച ആശയത്തിന് ഒന്നേകാൽ ലക്ഷം രൂപയാണ് സമ്മാനത്തുക.