 
# അപകടം കളവംകോടം കൊല്ലപ്പള്ളിയിൽ
ചേർത്തല: വയലാർ കളവംകോടം കൊല്ലപ്പള്ളിയിൽ സ്വകാര്യ ബസ്, നിറുത്തിയിട്ടിരുന്ന ചരക്കുലോറിക്ക് പിന്നിലിടിച്ച് ഏഴു മാസമായ കുഞ്ഞ് ഉൾപ്പെടെ
ബസ് യാത്രക്കാരായ 22 പേർക്ക് പരിക്കേറ്റു. പട്ടണക്കാട് പബ്ലിക്ക് സ്കൂളിലെ അഞ്ച് വിദ്യാർത്ഥികളും ഗവ.സ്കൂളിലെ ഒരു വിദ്യാർത്ഥിയും പരിക്കേറ്റവരിൽ ഉൾപ്പെടും.
വൈകിട്ട് നാലോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് ചേർത്തലയിലേക്കു വരികയായിരുന്ന ആശിർവാദ് ബസാണ് അപകടത്തിൽപ്പെട്ടത്. ക്ഷീരസംഘത്തിൽ കാലിത്തീറ്റയുമായെത്തിയതാണ് ചരക്കുലോറി. അപകടത്തിൽ പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ടാണ് ബസ് ചരക്കുലോറിക്ക് പിന്നിലിടിച്ചത്.
ആഘാതത്തിൽ ബസിൽ വീണും മുൻസീറ്റിലെ കമ്പികളിൽ തലയിടിച്ചുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. എല്ലാവർക്കും തലയിലും മുഖത്തും നെഞ്ചിലുമാണ് പരിക്ക്. പലരുടെയും പല്ലുകൾ അടർന്നു പോയി. ഇവരെ പ്രദേശവാസികൾ പലവാഹനങ്ങളിലായാണ് ആശുപത്രിയിലെത്തിച്ചത്.
താലൂക്ക് ആസ്ഥാന ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ സൂപ്രണ്ട് സുജാഅലോഷ്യസിന്റെയു ആർ.എം.ഒ അജ്മലിന്റെയും നേതൃത്വത്തിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടിയന്തരമായി എല്ലാവർക്കും പ്രാഥമിക ചികിത്സ നൽകി. ആറോളം ഡോക്ടർമാർ എത്തി.തഹസിൽദാർ കെ.ആർ.മനോജിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.മന്ത്രി പി.പ്രസാദ്,എ.ഡി.എം ആശാ സി.എബ്രഹാം, മുൻ എം.പി എ.എം.ആരിഫ്,നഗരസഭ ചെയർപേഴ്സൺ ഷേർളിഭാർഗവൻ എന്നിവരും ആശുപത്രിയിലെത്തി.
പരിക്കേറ്റ് ആശുപത്രിയിലുള്ളവർ
മാരാരിക്കുളം തെക്ക് ഓമനപ്പുഴ മൈക്കിൾ(80),ചേർത്തല തെക്ക് തൈക്കൽ പള്ളിപ്പറമ്പിൽ മറിയാമ്മ(50),പറയകാട് കൈതവളപ്പിൽ അന്നമ്മ(30),മകൾ ആൻവിയ(9),അങ്കണവാടി അദ്ധ്യാപിക പട്ടണക്കാട് പാണാപറമ്പത്ത് തങ്കച്ചി(53),കൊല്ലപ്പള്ളി വട്ടത്തറ ഷീല(34), മകൾ ഏഴുമാസം പ്രായമുള്ള ശ്രദ്ധ,പട്ടണക്കാട് നികർത്തിൽ രവീന്ദ്രൻ(65),കണ്ണങ്കര കുടജാദ്രിയിൽ ആത്മഹരി(15),പുത്തനങ്ങാടി പാട്ടുചിറയിൽ അതിഥി (15),ചേർത്തല വഴീക്കവല കണ്ണാട്ട് കളത്തിൽ രേഖ ഹർഷൻ (51),തിരുനെല്ലൂർ കിഴക്കേ കല്ലാപ്പുറത്ത് ആതിദ്യ(16),മുനിസിപ്പൽ 24ാം വാർഡ് അറയ്ക്കൽപറമ്പ് വെളി ബെവൻ പി.ജോൺ(15),തൈക്കൽ കടപ്പുറത്ത് വീട്ടിൽ നിയസജി (15),കളവംകോടം മെഹഫിൽ റസിയ (16),കളവംകോടം ശ്രുതി ഭവനത്തിൽ സാന്ദ്ര(27),തുറവൂർ നന്ദനം ലിജുമോൾ (46),കളവംകോടം പാലക്കുഴിയിൽ ആരോൺ (14),പട്ടണക്കാട് തെക്കുംപ്രായിൽ പ്രഭുഷ (47),കളവംകോടം വലിയവെളി നികർത്തിൽ ദേവിക(22),കടക്കരപ്പള്ളി പുത്തൻവീട്ടിൽ ഷൈലജ (50),പട്ടണക്കാട് സ്‌കൂളിലെ അദ്ധ്യാപിക നിർമ്മല(48).
ഇതിൽ അങ്കണവാടി അദ്ധ്യാപിക തങ്കച്ചി(53),പള്ളിപ്പറമ്പിൽ മറിയാമ്മ(50),ഓമനപ്പുഴ മൈക്കിൾ(80)എന്നിവരെയാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക്മാറ്റിയത്.