
ചലച്ചിത്രരംഗത്ത് കോളിളക്കം സൃഷ്ടിച്ച കേസിനാസ്പദമായ സംഭവം കൊച്ചിയിൽ നടന്നത് 2017 ഫെബ്രുവരി 17നായിരുന്നു. പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കുറ്റകൃത്യം. ക്വട്ടേഷൻ സംഘങ്ങളിൽ നിന്ന് തുടങ്ങിയ പൊലീസ് അന്വേഷണം എത്തി നിന്നത് ജനപ്രിയ താരം ദിലീപിലാണ്. സിനിമാ സെറ്റുകളിൽ ഡ്രൈവർ പണി ചെയ്തിരുന്ന പൾസർ സുനി ഒന്നാം പ്രതിയായപ്പോൾ ദിലീപ് എട്ടാം പ്രതിയായി. നീണ്ട അന്വേഷണങ്ങൾക്ക് ശേഷം 2018 ജനുവരി 30 ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. 261 സാക്ഷികളും 833 രേഖകളും 142 തെളിവുകളുമുള്ള കേസിൽ മെഗാവിചാരണ ഏഴാം വർഷവും തുടരുകയാണ്. വിചാരണ കാലാവധി സുപ്രീം കോടതി പലവട്ടം നീട്ടി നൽകി. അന്തിമവാദത്തിലേക്ക് കടന്ന സാഹചര്യത്തിൽ അടുത്ത മാസം വിധി പറയുമെന്നാണ് സൂചന. വിചാരണ പുരോഗമിക്കുന്നതിനിടെ, ഹർജികളുടേയും ഉപഹർജികളുടേയും പരമ്പര തന്നെയുണ്ടായി. കേസിന്റെ ഈ ഘട്ടത്തിലും നാടകീയമായ നീക്കങ്ങൾ തുടരുകയാണ്.
രാഷ്ട്രപതി സമക്ഷം
ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡാണ് കേസിലെ സുപ്രധാന തെളിവ്. കോടതികളുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് മൂന്നു തവണ സംശയാസ്പദ സാഹചര്യത്തിൽ പരിശോധിക്കപ്പെട്ടതായി ആരോപണമുയർന്നിരുന്നു. പിന്നീട് ജുഡീഷ്യൽ തലത്തിൽ നടത്തിയ അന്വേഷണത്തിൽ ഇതിൽ ഒരെണ്ണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നീണ്ട നിയമ പോരാട്ടം നടത്തിയെങ്കിലും ഉന്നത കോടതികൾ തള്ളി. ഈ സാഹചര്യത്തിലാണ് അതിജീവിത കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്തയച്ചത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് കത്ത്. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്ന് കത്തിൽ പറയുന്നുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതി, എറണാകുളം സെഷൻസ് കോടതി, എറണാകുളം സി.ബി.ഐ പ്രത്യേക കോടതി എന്നിവിടങ്ങളിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്നാണ് സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ടിലുള്ളത്. 2018 ജനുവരി 9ന് അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീന റഷീദും ഡിസംബർ 13ന് ജില്ലാ സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മോഹനുമാണ് പരിശോധിച്ചത്. കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. അതിനാൽ തെറ്റില്ലെന്നാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട്. 2021 ജൂലായ് 19ന് മെമ്മറി കാർഡ് പരിശോധിച്ചത് എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലെ ശിരസ്തദാർ താജുദ്ദീനാണ്. വിവോ ഫോൺ ഉപയോഗിച്ച് നടത്തിയ പരിശോധന അനധികൃതമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഇതിൽ നടപടിയില്ലെന്നാണ് അതിജീവിതയുടെ ആരോപണം.
പൾസറിന്റെ തന്ത്രം
ഇതേസമയം ഒന്നാം പ്രതി പൾസർ സുനി പുതിയ പരാതിയുമായി ഹൈക്കോടതിയിലെത്തി. രണ്ടു പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും വിളിച്ചു വരുത്തി വിസ്തരിക്കാൻ വിചാരണക്കോടതിയോട് നിർദ്ദേശിക്കണമെന്നായിരുന്നു ആവശ്യം. വിചാരണ വൈകിക്കാനുള്ള നീക്കമാണെന്നു വിലയിരുത്തി സിംഗിൾബെഞ്ച് ഹർജി തള്ളി. 112-ാം സാക്ഷിയായ ഡോക്ടറെയും 183-ാം സാക്ഷിയായ ഫൊറൻസിക് ലാബ് അസിസ്റ്റന്റ് ഡയറക്ടറെയും വീണ്ടും വിചാരണക്കോടതിയിൽ വിളിച്ചുവരുത്തണമെന്നായിരുന്നു സുനിയുടെ ആവശ്യം. കേസിന്റെ നീതിപൂർവകമായ തീർപ്പിന് സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് സി. ജയചന്ദ്രൻ വ്യക്തമാക്കി. രണ്ടു സാക്ഷികളെയും 2021 ഫെബ്രുവരിയിൽ വിസ്തരിച്ചതാണ്. താൻ ജയിലിലായിരുന്നതിനാൽ അഭിഭാഷകന് വേണ്ടവിധം ക്രോസ് വിസ്താരം നടത്താനായില്ലെന്നായിരുന്നു സുനിയുടെ വാദം. വീണ്ടും വിസ്തരിച്ച് കൂടുതൽ തെളിവുകൾ ചേർക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിക്ക് ഈ ആവശ്യം ഉന്നയിക്കാൻ മുമ്പ് അവസരങ്ങൾ കിട്ടിയതാണെന്നും ഹൈക്കോടതി വിലയിരുത്തി. കേസിന്റെ അന്തിമവാദത്തിനിടെയുള്ള ഈ ഹർജി അനവസരത്തിലാണെന്നും ചൂണ്ടിക്കാട്ടി. സുനിയുടെ ഇതേ അവശ്യം വിചാരണക്കോടതിയും തള്ളിയിരുന്നു.
മുൻ ഡി.ജി.പിയുടെ വെളിപാട്
നടി ആക്രമണക്കേസ് നടക്കുമ്പോൾ ജയിൽ ഡി.ജി.പിയായിരുന്നു ആർ. ശ്രീലേഖ. ജയിലിൽ ദിലീപിന് അധിക സൗകര്യങ്ങൾ നൽകിയെന്ന് വെളിപ്പെടുത്തിയതിന്റെ പേരിൽ മുമ്പേ തന്നെ ശ്രീലേഖ വിവാദത്തിലായിരുന്നു. വിചാരണയെ ബാധിച്ചേക്കാവുന്ന വിധത്തിൽ പുതിയ വെളിപ്പെടുത്തൽ വന്നതും അത്യന്തം നാടകീയമായി. ഇതിനെതിരേ അതിജീവിത നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ വിചാരണക്കോടതി ശ്രീലേഖയോട് വിശദീകരണം തേടിയിട്ടുണ്ട്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് ശ്രീലേഖ നൽകിയ അഭിമുഖത്തിലെ വാക്കുകൾ ഇങ്ങനെയാണ്: ''സത്യത്തിന്റെ, ദിലീപിന്റെ പക്ഷത്താണ് ഞാൻ, അയാൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന ബോദ്ധ്യം എനിക്ക് ആ സമയത്ത് തന്നെ വന്നിരുന്നു. ഈ കേസിൽ ദിലീപ് നിരപരാധിയാണെന്ന് ഉത്തമ ബോദ്ധ്യമുണ്ടെനിക്ക്. ഞാൻ നേരിട്ട് അന്വേഷിച്ചതും ചോദിച്ച് മനസിലാക്കിയതും കണ്ടെത്തിയ വസ്തുതകളും അതാണ്. അതൊക്കെ ഏതെങ്കിലും അവസരത്തിൽ പറയണമല്ലോ, അതാണ് പറഞ്ഞത്. ചാനലിലൂടെ ഇതൊക്കെ വെളിപ്പെടുത്തുമ്പോൾ ഇപ്പോൾ ഇതൊക്കെ പറയണോയെന്ന ചിന്ത ഉണ്ടായിരുന്നു. കേസ് തീരാൻ കാത്ത് നിൽക്കണോയെന്നായിരുന്നു ആലോചന. എന്നാൽ ഈ കേസ് തീരാൻ പോകുന്നില്ലെന്ന് എനിക്ക് അറിയാമായിരുന്നു. കാരണം, തീർന്നാൽ ചീട്ടുകൊട്ടാരം പോലെ ഈ കേസ് പൊളിയും, അതുകൊണ്ട് ഉൾവിളി വന്നപ്പോൾ ആണ് ഞാൻ തുറന്ന് പറഞ്ഞത്. ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഞാൻ അവൾക്കൊപ്പമാണ് നിൽക്കേണ്ടത്. ദിലീപിനെ അവശനിലയിൽ ജയിലിൽ കാണുന്നത് വരെ ഞാൻ അങ്ങനെ തന്നെയാണ് നിന്നത്. കേസിനെക്കുറിച്ച് പഠിച്ചപ്പോഴാണ് എനിക്ക് മനസിലായത്. ഒരു ഡി.ഐ.ജിയാണ് പറഞ്ഞത്, ദിലീപിനെതിരെ നമ്മൾ തെളിവുകൾ ഉണ്ടാക്കിയതാണെന്ന്, അവിശ്വസനീയമായിരുന്നു അത്." കോടതിയലക്ഷ്യ നോട്ടീസ് വന്നെങ്കിലും പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് ശ്രീലേഖ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, കേസിന്റെ അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന അതിജീവിതയുടെ ഹർജിയും വിചാരണക്കോടതിയിലെത്തി. വിചാരണ സംബന്ധിച്ച് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പുറത്തു പ്രചരിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ്, വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്ന് അതിജീവിത അറിയിച്ചത്. എന്നാൽ ഇത്തരം പുതിയ അപേക്ഷകളൊന്നും ഇനി ബാധിക്കാത്ത വിധമാണ് വിചാരണ മുന്നോട്ടു പോകുന്നത്. വിചാരണക്കോടതിയിൽ നിന്ന് വിധി വന്നാലും കേസിന്റെ അവസാനമാകില്ല. ശിക്ഷിക്കപ്പെട്ടാൽ പ്രതികൾ വീണ്ടും ജയിലിലാകും. ആരേയെങ്കിലും വെറുതേ വിട്ടാൽ അതിജീവിതയുടെ മനോവ്യഥ ഇരട്ടിയാകും. അതിനാൽ മേൽക്കോടതികളിൽ അപ്പീലുണ്ടാകും. നാടകീയ നീക്കങ്ങൾ ഇനിയും കാണാനിരിക്കുന്നുവെന്നർത്ഥം.