nursing

കൊച്ചി: കേരളാ ആരോഗ്യ സർവകലാശാലയുടെ കീഴിലെ പുതിയ കോളേജുകളിൽ ബി.എസ്.സി നഴ്‌സിംഗ് പരീക്ഷാ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഫലമാണ് ലഭിക്കുനുള്ളത്. 25 ഓളം സർക്കാർ, പ്രൈവറ്റ് നഴ്‌സിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾ ഇതോടെ ആശങ്കയിലാണ്.

9000ത്തോളം കുട്ടികൾ പരീക്ഷ എഴുതിയതിൽ 1500ൽപരം പേരുടെ ഫലമാണ് ആരോഗ്യ സർവകലാശാല തടഞ്ഞുവച്ചിട്ടുള്ളത്. ആദ്യ സെമസ്റ്റർ പരീക്ഷാഫലവും വളരെ വൈകി പ്രതിഷേധത്തെ തുടർന്നാണ് പുറത്ത് വിട്ടത്.

സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷൻ ഒഫ് ഇന്ത്യ കേരളാ ഘടകം മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, സർവകലാശാല, കേരളാ നഴ്‌സിംഗ് കൗൺസിൽ, ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും തീരുമാനം ആയിട്ടില്ല.

പ്രശ്നം പുതിയ കോളേജുകളിൽ

2023- 2024 അദ്ധ്യയന വർഷം കേരളത്തിൽ തുടങ്ങിയ പുതിയ നഴ്‌സിംഗ് കോളേജുകളുടെയും സീറ്റ് വർദ്ധനവ് നടത്തിയ കോളേജുകളുടേതുമാണ് പരീക്ഷാ ഫലം തടഞ്ഞുവച്ചിട്ടുള്ളത്. ഇവയിൽ ഭൂരിഭാഗവും സർക്കാർ കോളേജുകളും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളുമാണ്. അംഗീകാരം നൽകിയപ്പോൾ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ കത്ത് നൽകേണ്ടതുണ്ട്. ഇത് സമർപ്പിക്കാത്തതിനാലാണ് ഫലം പിടിച്ചു വച്ചിരിക്കുന്നതെന്നാണ് സർവകലാശാലയുടെ വിശദീകരണം.

പുതിയ നഴ്‌സിംഗ് കോളേജ് ആരംഭിക്കണമെങ്കിൽ സർക്കാർ, കേരളാ നഴ്‌സിംഗ് കൗൺസിൽ, ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരങ്ങൾ നിർബന്ധമാണ്. ഇതിന് ശേഷം മാത്രം യൂണിവേഴ്‌സി അംഗീകാരം നൽകിയാൽ മതിയെന്നാണ് വ്യവസ്ഥ. എന്നാൽ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അനുമതി കോളേജുകൾക്ക് കിട്ടുന്നതിന് മുന്നേ തന്നെ സർവകലാശാല കുട്ടികളെ പ്രവേശിക്കുന്നതിനുള്ള താത്കാലിക അനുമതി നൽകിയതാണ് പ്രതിസന്ധിക്ക് കാരണം.

ഫലം വൈകുന്നത് വലിയ മാനസിക വിഷമമുണ്ടാക്കുന്നു. വിദ്യാർത്ഥികൾ കടുത്ത നിരാശയിലാണ്. സർക്കാർ ഇടപെടണം.

എ.പി. നവീന, സെക്രട്ടറി
അമൽ വർഗീസ്, ചെയർപേഴ്സൺ
നഴ്സസ് അസോസിയേഷൻ ഒഫ് ഇന്ത്യ കേരളാഘടകം

9000+ കുട്ടികൾ പരീക്ഷയെഴുതി

 1500+ പേരുടെ ഫലം വന്നിട്ടില്ല