ic

കൊച്ചി: ഒരു പതിറ്റാണ്ടിലേറെയായി മദ്ധ്യകേരളം കാത്തിരിക്കുന്ന കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ ഫെബ്രുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യും. നിർമ്മാണം പൂർത്തിയായ ആദ്യമന്ദിരം പ്രവർത്തനസജ്ജമായി. എറണാകുളം മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി മന്ദിരം മേയിലും ഉദ്ഘാടനം ചെയ്യും. കളമശേരി എച്ച്.എം.ടി റോഡിലാണ് മന്ദിരങ്ങൾ.

ക്യാൻസർ സെന്റർ നിർമ്മാണം പൂർത്തിയാക്കി ജനുവരി 30ന് സർക്കാരിനു കൈമാറുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഫെബ്രുവരി അവസാനവും കൈമാറും. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കും ക്യാൻസർ സെന്ററും മന്ത്രി സന്ദർശിച്ചു.

മറ്റു ക്യാൻസർ സെന്ററുകളിൽ നിന്ന് വ്യത്യസ്തമായി ഗവേഷണത്തിനാണ് പ്രാധാന്യം നൽകുക. ഗവേഷണത്തിന്റെ ഭാഗമായി സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സ്ഥലം അനുവദിക്കുന്നതും പരിഗണിക്കും. 7000 ചതുരശ്രയടി സ്ഥലമാണ് ഗവേഷണത്തിന് മാറ്റിവച്ചത്. ചികിത്സ, ഗവേഷണം, സ്റ്റാർട്ടപ്പുകൾക്കുള്ള പ്രചോദനം എന്നിവ പദ്ധതിയുടെ ഭാഗമാണ്.

സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ മൂന്നുനിലകൾ ജനുവരിയിൽ പൂർത്തിയാകും. ഏപ്രിലിൽ പൂർണസജ്ജമാകും. നിയോ നാറ്റോളജി, പീഡിയാട്രിക് സർജറി, ന്യൂറോ സർജറി, യൂറോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ഹൃദയ ശസ്ത്രക്രിയാ വിഭാഗം എന്നിവയാണുണ്ടാകുക.

രോഗികൾക്ക് കാത്തിരിപ്പു സൗകര്യം, സാങ്കേതിക സംവിധാനങ്ങൾ, ഡോക്ടർമാർക്ക് സൗകര്യങ്ങൾ, വിവരങ്ങൾ സൂക്ഷിക്കാൻ ക്രമീകരണം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തും.


ക്യാൻസർ സെന്റർ

ചെലവ് 384.34 കോടി

വിസ്‌തീർണം 6.4 ലക്ഷം ചതുരശ്രയടി

ആകെ കിടക്കകൾ 360

ഓപ്പറേഷൻ തിയേറ്ററുകൾ

റോബോട്ടിക് തിയേറ്റർ 1

സൂപ്പർ സ്‌പെഷ്യാലിറ്റി

ചെലവ് 286.66 കോടി

വിസ്‌തീർണം 8.64 ലക്ഷം ചതുരശ്രയടി

പുതിയ കിടക്കൾ 842

നിലവിലെ കിടക്കകൾ 500

രണ്ടിടത്തും മെഡിക്കൽ ടൂറിസത്തിന്റെ സാദ്ധ്യതകളും പ്രയോജനപ്പെടുത്താനാകും. ആരോഗ്യമേഖലയിൽ വലിയമാറ്റം സൃഷ്ടിക്കാൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ.

പി. രാജീവ്

വ്യവസായമന്ത്രി