paravur-palam-one
പുതിയ ദേശിയപാതയിൽ നിർമ്മിക്കുന്ന പുതിയ പറവൂർ പാലം

പറവൂർ: പുതിയ ദേശീയപാത 66ൽ പറവൂർ പാലത്തിന് സമാന്തരമായ നിർമ്മിക്കുന്ന പാലത്തിന് ഉയരക്കുറവ് പരിഹരിക്കാനുള്ള പ്രവൃത്തികൾക്ക് തുടക്കമായി. ജലനിരപ്പിൽ നിന്ന് അഞ്ച് മീറ്റർ ഉയർത്തി പണിയും. പുതിയ പാലം നിർമ്മിച്ചപ്പോൾ രണ്ടര മീറ്റർ ഉയരമാണ് ഉണ്ടായിരുന്നത്. മഴക്കാലത്ത് ജലനിരപ്പ് ഉയരും. അപ്പോൾ പാലത്തിന്റെ ഉയരക്കുറവ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ജലസ്രോതസുകൾക്ക് മുകളിലൂടെ നിർമ്മിക്കുന്ന പാലത്തിന് അഞ്ച് മീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് വേണമെന്നാണ് നിയമം. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ ഉയരം കൂട്ടുന്നത്. പുഴയിൽ തൂണുകൾ നിർമ്മിച്ചതിനാൽ പാലത്തിന്റെ വീതി കൂട്ടുന്നത് പ്രായോഗികമല്ല. ഇതിനാൽ നിലവിലുള്ള വീതിയിൽ തന്നെയാകും പാലം നിർമ്മാണം.

കഴിഞ്ഞ മെയ് മാസത്തിൽ പുതിയ പാലത്തിൽ ഗർ‌ഡറുകൾ സ്ഥാപിച്ചപ്പോഴാണ് ഉയരം കുറവ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ശക്തമായ പ്രതിഷേധം ഉയർന്നതോടെ ജില്ലാഭരണം വിഷയത്തിൽ ഇടപ്പെട്ടു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്‌ടർ, ദേശീയപാത, ഇറിഗേഷൻ വകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ എന്നിവയുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച ശേഷം കളക്ടർക്ക് റിപ്പോർട്ട് നൽകി. കളക്ടർ തുടർനിർമ്മാണം നിറുത്തിവയ്ക്കാൻ ഉത്തരവിട്ടു. നിലവിലുള്ള ഡി.പി.ആറിൽ നിന്ന് വ്യത്യസ്തമായി പാലം ഉയർത്തി പണിയാനുള്ള അധിക തുക കേന്ദ്രം അനുവദിക്കണമെന്ന നിലപാടിലായിരുന്നു കരാറുകാർ. ഇതേ കരാർ കമ്പനി തന്നെയാണ് പുനർനിർമ്മാണം നടത്തുന്നത്.

പുഴയിൽ നിർമ്മിച്ച് രണ്ട് വലിയ തൂണുകളിൽ പത്ത് ഗർഡറുകളാണ് സ്ഥാപിച്ചത് ഇത് മാറ്റുന്ന പ്രവർത്തനങ്ങളും തൂണുകളുടെ ഉയരം കൂട്ടുന്ന ജോലികളുമാണ് ഇപ്പോൾ നടക്കുന്നത് പാലത്തിന്റെ ഉയരം കൂടുമെന്നതിനാൽ അപ്രോച്ച് റോഡിന്റെ ഉയരവും കൂട്ടേണ്ടിവരും തൂണുകൾ ഉയരം കൂട്ടിയ ശേഷം ഗർഡറുകൾ സ്ഥാപിക്കാൻ മൂന്ന് മാസത്തോളമെടുക്കും ഇതോടൊപ്പം അപ്രോച്ച് റോഡിന്റെ ഉയരം കൂടുന്ന പ്രവൃത്തികളും നടത്തും