അങ്കമാലി: അയ്യമ്പുഴ- മഞ്ഞപ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോതായി പാലം എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന അവസ്ഥയിലായിട്ട് നാളുകളേറെയായി. പാലത്തിന്റെ അടിഭാഗത്തായി കോൺക്രീറ്റ് അടർന്നുപോയി കമ്പികൾ പുറത്തുകാണാം. കമ്പികൾ തുരുമ്പെടുത്തിട്ടുമുണ്ട്. വാഹന, കാൽനട യാത്രക്കാർ ഭീതിയോടെയാണ് പാലത്തിലൂടെ കടന്നുപോകുന്നത്. കൈവരികൾക്ക് ബലക്ഷയമുണ്ട്. ചെക്ക്‌ഡാമിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന പാലത്തിൽ വെളിച്ചക്കുറവുമുണ്ട്.
ഈ സാഹചര്യത്തിൽ പാലം അടിയന്തരമായി പുതുക്കിപ്പണിയണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. മുൻമന്ത്രി ജോസ് തെറ്റയിൽ ഇടപെട്ട് പുതിയ പാലത്തിനായി 5 കോടി രൂപ കിഫ്ബി അനുവദിച്ചിരുന്നെങ്കിലും അലൈൻമെന്റ് സംബന്ധിച്ച തർക്കത്തെ തുടർന്ന് നിർമ്മാണം നടക്കാതെ പോയി. പുതിയ പാലത്തിനായി ഡിസൈൻ തയാറാക്കി അംഗീകരിച്ചാൽ മാത്രമേ ടെൻഡർ നടപടികളിലേക്ക് കടക്കാൻ കഴിയൂ. അതോടൊപ്പം പാലം എങ്ങോട്ട് മാറ്റി പണിയണമെന്നതിൽ പ്രാദേശികമായി തർക്കവും നിലനിൽക്കുന്നുണ്ട്. പാലം നിർമ്മാണത്തിന് മുൻപായി നിലവിലുള്ള വളവുകൾ നികത്തുകയും സമാന്തരമായി മറ്റൊരു വാഹനസൗകര്യവും ഒരുക്കേണ്ടതുമുണ്ട്.
പാലത്തിന് സമീപമുള്ള പുറംപോക്ക് ഭൂമികൾ ഏറ്റെടുത്ത് പാലം പണിയണമെന്നാവശ്യപ്പെട്ട് മഞ്ഞപ്ര, അയ്യമ്പുഴ പഞ്ചായത്ത് ഭരണ സമിതികൾ സമരം നടത്തിയിരുന്നു. പാലം നിർമ്മാണത്തിന് രൂപരേഖ തയ്യാറാക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയും പാലം നിർമ്മാണം നീണ്ടു പോകാൻ ഒരു കാരണമാകുന്നു.
അയ്യമ്പുഴ, കാലടി പ്ലാൻഷൻ എന്നിവിടങ്ങളിലേക്കുള്ളവർ പോകുന്നത് ഈ പാലത്തിലൂടെ കടന്നുപോകുന്നത് ഒട്ടേറെ യാത്രാ ബസുകളും സ്‌കൂൾ ബസുകളും അടക്കം നിരവധി വാഹനങ്ങൾ കൂടാതെ അയ്യമ്പുഴ പഞ്ചായത്തിലേക്ക് കെട്ടിട നിർമ്മാണ സാമഗ്രികളുമായി പോകുന്ന ഭാരവാഹനങ്ങളും കടന്നുപോകുന്നത് ഇതിലൂടെ
ഭൂമാഫിയയാണ് പാലത്തിന്റെ നിർമ്മാണം തടസപ്പെടുത്തുന്നത്. പുറംപോക്ക് ഭൂമി പൂർണമായെടുത്താൽ വളവുകൾ നീക്കി നല്ല വീതിയിൽ പാലം നിർമ്മിക്കാനാകും. ദുരന്തത്തിനായി കാത്തുനിൽക്കാതെ അടിയന്തരമായി പാലം നിർമ്മിക്കണം
വത്സലകുമാരി വേണു
പ്രസിഡന്റ്
മഞ്ഞപ്ര പഞ്ചായത്ത്
മലയോര തോട്ടം മേഖലകളിൽ നിന്ന് അങ്കമാലി, കാലടി പട്ടണങ്ങളിലേക്ക് പോകുന്ന പാതയിലെ പാലമാണ്. പാലത്തിന്റെ സമീപവാസികളുടെ വീടുകൾക്കും ജനങ്ങൾക്കും ബുദ്ധിമുട്ടില്ലാത്ത വിധം നിർമ്മാണം നടത്തണം. പാലം അപകടനിലയിലാണ്
ഷൈബി പാപ്പച്ചൻ
പൊതു പ്രവർത്തകൻ
5 മീറ്ററിലേറെ ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള പാലത്തിന് 50 വർഷത്തിലേറെ കാലപ്പഴക്കം