
കൊച്ചി: സിനിമാരംഗത്തെ ചൂഷണങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി മുമ്പാകെ മൊഴിനൽകാത്തവർക്കും പ്രത്യേക അന്വേഷണസംഘത്തിന്റെ നോഡൽ ഓഫീസർ എ.ഐ.ജി ജി. പൂങ്കുഴലിക്ക് പരാതി നൽകാമെന്ന് ഹൈക്കോടതി. വിവരങ്ങൾ വെളിപ്പെടുത്തിയവർക്ക് ഭീഷണിയുണ്ടെങ്കിൽ അക്കാര്യവും അറിയിക്കാം.
പരാതിക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തണം. നോഡൽ ഓഫീസറുടെ അധികാരപരിധി വിപുലമാക്കിയതായും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
വിവിധ പരാതികളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് അന്വേഷണസംഘം നിശ്ചിത ഇടവേളകളിൽ റിപ്പോർട്ട് നൽകണം. വിമൻ ഇൻ സിനിമ കളക്ടീവിന്റെ (ഡബ്ല്യു.സി.സി) ആവശ്യം കണക്കിലെടുത്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു.
ഹേമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 50 കേസുകൾ രജിസ്റ്റർ ചെയ്തെന്നും 4 കേസുകളിൽ അന്വേഷണ റിപ്പോർട്ടായെന്നും സർക്കാർ അറിയിച്ചു. പരാതി നൽകിയവരെ സംഘടനകളിൽ നിന്ന് പുറത്താക്കുന്നതായി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ അഭിഭാഷക അറിയിച്ചു. പരാതിക്കാർക്ക് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡബ്ല്യു.സി.സിയുടെ ഹർജിയിൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും കക്ഷിചേർത്തു.
ഹർജിയിൽ കക്ഷിചേരാനുള്ള നടി രഞ്ജിനിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. ഹേമ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ സുപ്രീംകോടതിയിലുള്ള ഹർജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയശേഷവും അന്വേഷണസംഘം ബന്ധപ്പെടുന്നുണ്ടെന്നും ഹേമ കമ്മിറ്റി തന്റെ മൊഴി എങ്ങനെ രേഖപ്പെടുത്തിയെന്നതിൽ വ്യക്തതയില്ലെന്നുമാണ് നടിയുടെ പരാതി. താത്പര്യമില്ലാത്തവരെ നിർബന്ധിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
ഹേമ കമ്മിറ്റി : ഹർജികൾ
7ന് പരിഗണിക്കും
ന്യൂഡൽഹി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരകളുടെ മൊഴിയിൽ കേസെടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി ജനുവരി ഏഴിന് പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. മൊഴി നൽകാൻ പ്രത്യേക അന്വേഷണസംഘം നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി മാലാ പാർവതിയും, വനിതാ മേക്കപ്പ് ആർട്ടിസ്റ്റും സമർപ്പിച്ച ഹർജികളിലും അന്ന് വാദംകേൾക്കും.
അന്വേഷണവുമായി മുന്നോട്ടു പോകാൻ പ്രത്യേക അന്വേഷണസംഘത്തെ അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷനും, വിമൻ ഇൻ സിനിമ കളക്ടീവും (ഡബ്ല്യു.സി.സി) ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് ഹർജികളുള്ളത്.