
കൊച്ചി: വിജ്ഞാനകേരളം പദ്ധതിയുടെ അഡ്വൈസറായി മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനെ നിയമിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി. പൊതുഖജനാവിന് മാസം ഒരുലക്ഷംരൂപയോളം ബാദ്ധ്യതയാകുന്ന നിയമനം റദ്ദാക്കണമെന്നാണ് ഹർജിക്കാരനായ തിരുവനന്തപുരം സ്വദേശി എ. നവാസിന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ,ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് ഹർജി ജനുവരി 13ന് പരിഗണിക്കും. പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് (ഡവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ) വകുപ്പിന് കീഴിലാണ് നിയമനം. ഇത്തരമൊരു വകുപ്പില്ലെന്നാണ് ഹർജിക്കാരന്റെ വാദം.
വണ്ടിപ്പെരിയാർ കേസ്:
പ്രതി ഹാജരാകണം
കൊച്ചി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുൻ സുന്ദറിനോട് പത്ത് ദിവസത്തിനുള്ളിൽ വിചാരണക്കോടതിയിൽ ഹാജരായി രാജ്യംവിടില്ലെന്ന ബോണ്ട് നൽകണമെന്ന് ഹൈക്കോടതി. സർക്കാർ നൽകിയ ഉപഹർജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ,ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. 50,000രൂപയുടെ ബോണ്ടിനു പുറമേ തുല്യതുകയുടെ രണ്ട് ആൾജാമ്യവും വേണം. ബോണ്ട് നൽകിയില്ലെങ്കിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനും നിർദ്ദേശിച്ചു. പ്രതിയെ വിചാരണക്കോടതി വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെ പ്രതി രാജ്യംവിടാൻ ശ്രമിക്കുന്നെന്ന ഉപഹർജി സർക്കാർ നൽകുകയായിരുന്നു.