anwar-sadath
ചെങ്ങമനാട് പുത്തൻതോട് വളവ് നിവർത്തുന്നതിന് മുന്നോടിയായി കളമശേരി രാജഗിരി ഔട്ട്റീച്ച് നടത്തിയ സാമൂഹിക പ്രത്യാഘാത പഠന സംബന്ധിച്ച വിലയിരുത്തൽ യോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നിരവധി പേരുടെ ജീവൻ അപഹരിച്ച അത്താണി - വെടിമറ റോഡിലെ ചെങ്ങമനാട് പുത്തൻതോട് മുതൽ ചുങ്കം വരെയുള്ള ഭാഗത്തെ വളവ് നിവർത്താനുള്ള നടപടികൾ വേഗത്തിലായി. റീസർവേ പ്രകാരവും പഴയ സർവേ പ്രകാരവും കുറ്റിയടിക്കൽ നടപടി അന്തിമഘട്ടത്തിലാണ്. പറവൂരിൽ നിന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡാണിത്.

പുത്തൻതോട് വളവ് നിവർത്താൻ ചെങ്ങമനാട്, നെടുമ്പാശേരി വില്ലേജുകളിലെ ആറ് സർവേ നമ്പറുകളിൽപ്പെട്ട ഏകദേശം 58 ചതുരശ്ര മീറ്റർ ഭൂമിയാണ് വേണ്ടത്. അതിന് പുറമ്പോക്ക് ഭൂമി പൂർണമായും കണ്ടെത്തി വീണ്ടെടുത്ത ശേഷമായിരിക്കും സ്വകാര്യ ഭൂമി ഏറ്റെടുക്കുക. വളവ് നിവർത്തുന്ന 2.50 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. 6 (1) നോട്ടിഫിക്കേഷൻ പ്രകാരമാണ് കല്ലിടൽ നടക്കുന്നത്.

പുത്തൻതോട് ഭാഗത്തെ ഏകദേശം 450 മീറ്റർ ദൂരമാണ് 10 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്. നിലവിൽ പ്രദേശത്ത് ആറ് മുതൽ ഏഴ് മീറ്റർ വരെയാണ് വീതിയുള്ളത്.


സാമൂഹിക പ്രത്യാഘാത പഠനം

വളവ് നിവർത്തുന്നതിനായി കളമശേരി രാജഗിരി കോളജ് സോഷ്യൽ സയൻസിലെ രാജഗിരി ഔട്ട്റീച്ച് നടത്തിയ സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തൽ അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടന്നു. പ്രൊജക്ട് ഡയറക്ടർ മീന കുരുവിള സമഗ്രമായ റിപ്പോർട്ട് അവതരിപ്പിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട അശാസ്ത്രീയതയും ആശങ്കകളും നിർദ്ദേശങ്ങളും ഭൂവുടമകൾ പങ്കുവച്ചപ്പോൾ ഉദ്യോഗസ്ഥർ സംശയനിവാരണം നടത്തി. ഭൂവുടമകളുടെ ന്യായമായ ആവശ്യങ്ങൾ പൂർണമായും പരിഹരിച്ചായിരിക്കണം പദ്ധതിയെന്ന് എം.എൽ.എ നിർദ്ദേശിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. അസീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷക്കീല മജീദ്, വിജിത വിനോദ്, ജോബി നെൽക്കര, പൊതുമരാമത്ത് പൊന്നുംവില വിഭാഗം സ്പെഷ്യൽ തഹസിൽദാർ ഗിരീഷ് ലാൽ, ഡെപ്യൂട്ടി തഹസിൽദാർ കെ.കെ. ബഷീർ, പൊതുമരാമത്ത് അസി.എക്സിക്യുട്ടീവ് എൻജിനിയർ സിനോജ് ജോസ്, അസി. എൻജിനിയർ ട്രീസ സെബാസ്റ്റ്യൻ, റിസർച്ച് അസോസിയേറ്റർ വി.എസ്. വിനയൻ തുടങ്ങിയവർ സംസാരിച്ചു.

ഗതാഗതക്കുരുക്കും അപകടവും പതിവ്

നിത്യവും നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. എന്നാൽ റോഡിൽ പലഭാഗവും കുപ്പിക്കഴുത്ത് ആകൃതിയിലാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാണ്. ഇതിനകം ഗ്യാസ് വളവിൽ നിരവധി പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.

ഏറ്റെടുക്കേണ്ട ഭൂമി - 58 ചതുരശ്ര മീറ്റർ

അനുവദിച്ച തുക - 2.50 കോടി രൂപ