fever

കൊച്ചി: കളമശേരി നഗരസഭയിൽ വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു. 10,11,12,13,14 ഡിവിഷനുകളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ അൻപതോളം പേർ ചികിത്സയിലുണ്ടെന്നാണ് വിവരം. ഒരാൾ ഗുരുതരാവസ്ഥയിലാണ്.

10-ാം ഡിവിഷൻ പെരിങ്ങഴയിൽ രണ്ട് കുട്ടികളുൾപ്പെടെ 20 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. 11-ാം ഡിവിഷൻ പൈപ്പ്ലൈൻ ഭാഗത്ത് നാലുപേരും 12 എച്ച്.എം.ടി എസ്റ്റേറ്റ് ഡിവിഷനിൽ 21 പേരും 13 കുറൂപ്രയിൽ രണ്ടുപേരും ചികിത്സ തേടി. വിട്ടുമാറാത്ത പനി, ഛർദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും ആശുപത്രിയിലെത്തിയത്.

വിശദ പരിശോധനയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

ജില്ലയിലെമ്പാടും മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടുതലാണ്. 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ കളമശേരിയിൽ ഉള്ളതിന് പുറമേ 23 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.


 രോഗബാധ ഹോട്ടലുകളിൽ നിന്ന്?​


കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച പലർക്കും മഞ്ഞപ്പിത്തം പിടിപെട്ടതായി പരാതി ഉയർന്നിട്ടുണ്ട്. ആരോഗ്യ വിഭാഗം ഈ പ്രദേശങ്ങളിൽ പരിശോധന നടത്തുകയും ഹോട്ടലുകൾക്കു നോട്ടീസ് നൽകുകയും ചെയ്തു.

ഹോട്ടലുകൾക്കു പുറമേ ബേക്കറികളിലും ശീതളപാനീയ കടകളിലും പരിശോധന നടത്തിയതായി ആരോഗ്യവിഭാഗം അറിയിച്ചു. ചില കടകൾക്കു ലൈസൻസില്ലെന്നും ശുചിത്വം പാലിക്കുന്നില്ലെന്നും കണ്ടെത്തി. ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ തൊഴിലാളികളും ഹെൽത്ത് കാർഡ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദേശം നൽകി. ശുദ്ധജലത്തിന്റെ സുരക്ഷിതത്വവും മാലിന്യ നിർമാർജനവും ശരിയായ വിധത്തിൽ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശം നൽകി.


മഞ്ഞപ്പിത്തം-- ലക്ഷണങ്ങൾ

കണ്ണിന്റെ വെളുത്ത ഭാഗത്ത് മഞ്ഞനിറം

ത്വക്കിന് മഞ്ഞനിറം

വായ്ക്കുള്ളിൽ മഞ്ഞനിറം

മൂത്രത്തിന്റെ നിറം ഇരുണ്ടതാകും

ചൊറിച്ചിൽ

കുട്ടികളിൽ പല്ലുകളിൽ മഞ്ഞ നിറം

കടുത്ത പനി

വിശപ്പില്ലായ്മ

വയറു വേദന

ഭാരം കുറയൽ

ഛർദ്ദി