pradeep

സ്വാഭാവിക മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊച്ചി: വെണ്ണലയിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട മകനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വെണ്ണല സെന്റ് മാത്യൂസ് ചർച്ച് റോഡിൽ നെടിയാറ്റിൽവീട്ടിൽ അല്ലിയാണ് (72) മരിച്ചത്. മകൻ പ്രദീപിനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു. മരണം സ്വാഭാവികമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതിനാൽ നിയമവശം പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

അല്ലിയുടെ മകൾ പ്രീതിയുടെ പരാതിയിലാണ് പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. മൃതദേഹത്തോട് അനാദരം, ബന്ധുക്കൾ അറിയാതെ മൃതദേഹം സംസ്‌കരിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.പ്രമേഹരോഗം മൂർച്ഛിച്ച അല്ലി ഇന്നലെ പുലർച്ചെയാണ് മരിച്ചത്. വീട്ടിൽ പ്രദീപ് മാത്രമാണുണ്ടായിരുന്നത്. പുലർച്ചെ സമീപത്തെ വീടുകളിലെത്തി അമ്മ മരിച്ചെന്നും സംസ്‌കരിക്കാൻ സഹായിക്കണമെന്നും പ്രദീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്ഥിരം മദ്യപാനിയായ പ്രദീപ് പറഞ്ഞത് അയൽക്കാർ വിശ്വസിച്ചില്ല. മുറ്റത്ത് പ്രദീപ് കുഴിയെടുത്തത് കണ്ടതോടെയാണ് പൊലീസിൽ അറിയിച്ചത്. പാലാരിവട്ടം പൊലീസെത്തി ഉച്ചയോടെ അല്ലിയുടെ മൃതദേഹം പുറത്തെടുത്തു. സർക്കാർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം മകൾ പ്രീതിയുടെ കങ്ങരപ്പടിയിലെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
ബുധനാഴ്ചയും അമ്മയെ ഓട്ടോറിക്ഷയിൽ പ്രദീപ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. അന്നും മദ്യപിച്ച് പ്രദീപ് ബഹളമുണ്ടാക്കുന്നത് സമീപവാസികൾ കേട്ടിരുന്നു. ഇയാൾ അക്രമാസക്തനാകുന്നത് പതിവായതോടെ ഭാര്യ സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. പ്രദീപിന് രണ്ട് ടയർ കടകളുണ്ടെങ്കിലും കുറച്ചു ദിവസങ്ങളായി തുറന്നിട്ടില്ല. അല്ലിയുടെ മകളുടെ മകൻ ജിഷ്ണു ബുധനാഴ്ച രാത്രി വീട്ടിലെത്തിയിരുന്നെങ്കിലും പ്രദീപ് മദ്യലഹരിലായിരുന്നതിനാൽ കൂട്ടുകാരന്റെ വീട്ടിലേക്ക് പോയി. അക്രമാസക്തനാകുന്ന ശീലമുള്ളതിനാൽ ഇടപെടാറില്ലെന്നും ബഹളം കൂടുമ്പോൾ പൊലീസിൽ അറിയിക്കുകയാണ് പതിവെന്നും പ്രദേശവാസികൾ പറഞ്ഞു.